തിരുവനന്തപുരം: കാണാതായ ജെസ്‌ന മരിയ ജെയിംസിന്റെ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന സി. ബി.ഐ റിപ്പോർട്ടിൽ പാലക്കാട് സ്വദേശിനി സജിത റഹ്മാന്റെ ഒളിവു ജീവിതത്തെക്കുറിച്ചും പരാമർശം. സജിത റഹ്മാൻ സ്വന്തം വീടിനടുത്ത് പത്തുവർഷത്തോളം ഒളിവിൽ താമസിച്ചശേഷമാണ് കണ്ടെത്താൻ കഴിഞ്ഞതെന്ന് സി. ബി.ഐ ചൂണ്ടിക്കാട്ടി. ജെസ്‌നയുടെ തിരോധാനത്തിന് സമാന സാഹചര്യമല്ലെന്ന് സി.ബി.ഐ വിലയിരുത്തുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ തള്ളുന്നുമില്ല.
പാലക്കാട് നെന്മാറ അയിലൂർ സ്വദേശികളായ റെഹ്മാൻ മുഹമ്മദ് ഖനിയും സജിതയും സുഹൃത്തുക്കളായിരുന്നു. പ്രണയത്തിലായ ഇരുവരെയും വീട്ടുകാർ വിലക്കിയതിനെ തുടർന്ന് സജിത വീടു വിട്ടിറങ്ങി. സജിതയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള റഹ്മാന്റെ വീട്ടിലെ രഹസ്യ മുറിയിൽ ഒളിവു ജീവിതം ആരംഭിച്ചു. 10 വർഷത്തിനുശേഷമാണ് സജിത പുറത്ത് വന്നത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും സുഖമായി താമസിക്കുന്നു.

ഇതാണ് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന് നൽകിയ റിപ്പോർട്ടിൽ സി. ബി.ഐ പരാമർശിക്കുന്നത്. ഇന്റർപോൾ വഴി നൽകിയ യെല്ലോ നോട്ടീസിൽ ജെസ്‌നയെ സംബന്ധിക്കുന്ന വിവരം ലഭ്യമാകുന്ന മുറയ്ക്ക് തുടരന്വേഷണം നടത്തുമെന്ന് സി. ബി.ഐ ഉറപ്പ് നൽകുന്നതും സമാന സാഹചര്യം മുന്നിൽ കണ്ടാണ്.