
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കൺവീനർ, ആലപ്പുഴ ഇരവുകാട് ഒറ്റക്കണ്ടത്തിൽ സ്വദേശി അൻസിൽ ജലീൽ ബി.കോം സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ദേശാഭിമാനി പത്രത്തിലെ വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാലാ രജിസ്ട്രാർ നൽകിയ പരാതിയിൽ അൻസിലിനെതിരേ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. 2013-2016 അദ്ധ്യായനവർഷത്തിൽ കേരള സർവകലാശാലയിൽ നിന്ന് ബി.കോം പാസായെന്ന സർട്ടിഫിക്കറ്റ് നിർമ്മിച്ച് വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടെന്നാണ് എഫ്.ഐ.ആറിലുണ്ടായിരുന്നത്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. അൻസിലിന്റെ പേരിൽ പ്രചരിക്കുന്ന സർട്ടിഫിക്കറ്റിന്റെ സീരിയൽ നമ്പർ കേരള സർവകലാശാലയുടേതല്ലെന്ന് രജിസ്ട്രാർ, ഡി.ജി.പിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഡിഗ്രി പൂർത്തിയാക്കാത്ത അൻസിൽ പ്ലസ് ടു സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയതെന്ന് പൊലീസ് കണ്ടെത്തി. പി.എസ്.സി, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പ്ലസ്ടു സർട്ടിഫിക്കറ്റാണുപയോഗിച്ചത്.
ദേശാഭിമാനിയിൽ അന്വേഷിച്ചപ്പോൾ വാർത്തയ്ക്ക് ആധാരമായ തെളിവ് ലഭ്യമായില്ലെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്ന് ബോധ്യമായതിനാൽ കേസ്അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാണ് കന്റോൺമെന്റ് സി.ഐ ആർ.എം. ഷാഫി കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.
കേസിൽ വാദിയായ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് പൊലീസ് റിപ്പോർട്ട് സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ ഉന്നയിക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടിസ് നൽകി. ഫെബ്രുവരി 11നകം മറുപടി നൽകണം. കായംകുളത്തെ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് അൻസിൽ ജലീലിനെതിരെയും സമാന ആരോപണമെത്തിയത്.
പൊളിഞ്ഞത് എസ്.എഫ്.ഐ പ്രതിരോധം: അൻസിൽ
സ്വന്തം നേതാക്കൾക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കാൻ എസ്.എഫ്.ഐയും സി.പി.എമ്മും ഉയർത്തിയ വാദങ്ങളാണ് റിപ്പോർട്ടിലൂടെ പൊളിഞ്ഞതെന്ന് അൻസിൽ ജലീൽ പറഞ്ഞു. തന്നെയും പ്രസ്ഥാനത്തെയും മോശമാക്കാൻ വേട്ടയാടുകയായിരുന്നു. ആരോപണം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്നും അൻസിൽ ജലീൽ പറഞ്ഞു.