p

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യ ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് രണ്ടാംഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ 30 വയസിനു മുകളിൽ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി. ഇതിലൂടെ 18.14 ശതമാനം (27,80,639) പേർക്ക് ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള സാദ്ധ്യയുള്ളതായി കണ്ടെത്തി.

രക്താതിമർദ്ദം സംശയിച്ച 20,51,305 പേരിൽ 6,26,530 (31%) പേർക്ക് രക്താതിമർദ്ദവും പ്രമേഹം സംശയിച്ച 20,45,507 പേരിൽ 55,102 (2.7%) പേർക്ക് പ്രമേഹവും പരിശോധനയിലൂടെ സ്ഥിരീകരിച്ചു. നിലവിൽ രക്താതിമർദ്ദവും പ്രമേഹവുമുള്ളവർക്ക് പുറമേയുള്ള കണക്കാണിത്. സംസ്ഥാനത്ത് മൂന്നിൽ ഒരാൾക്ക് രക്താതിമർദ്ദമുണ്ടെന്നും കണ്ടെത്തി.

ജനകീയ പങ്കാളിത്തത്തോടെയാണ് രണ്ടാംഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇ- ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. കുഷ്ഠ രോഗം, കാഴ്ച പരിമിതി, കേൾവി പരിമിതി, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിനു മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുകയാണ് ലക്ഷ്യം.