
തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ ബാംഗ്ലൂർ - തിരുവനന്തപുരം കേന്ദ്രങ്ങളും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന 7ദിവസത്തെ പഞ്ചഭൂത സാംസ്കാരികോത്സവം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം പ്രസിഡന്റ് ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.ശ്രീനിവാസൻ,വൈസ് ചെയർപേഴ്സൺ ഡോ.പുഷ്പ ആർ.മേനോൻ,ഡയറക്ടർ ഡോ.ജി.എൽ.മുരളീധരൻ,ട്രഷറർ ആർ.ശ്രീധർ,ബാംഗ്ലൂർ കേന്ദ്രം വൈസ് ചെയർമാൻ എച്ച്.ആർ.അനന്ദ്,നാഗലക്ഷ്മി കെ.റാവു,ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ.വൈക്കം വേണുഗോപാൽ,കൊച്ചി കേന്ദ്രം ഡയറക്ടർ ഇ.രാമൻകുട്ടി, മൺവിള സ്കൂൾ പ്രിൻസിപ്പൽ രാധ വിശ്വകുമാർ, കൊടുങ്ങാനൂർ ബി.വി.ബി പ്രിൻസിപ്പൽ സുനിൽ ചാക്കോ, ജേർണലിസം കോളേജ് പ്രിൻസിപ്പൽ പ്രസാദ് നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് മാർഗിയുടെ സീതാസ്വയംവരം കഥകളിയും മൺവിള സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും നടന്നു.ഇന്ന് വൈകിട്ട് 5ന് മാർഗി നാരായണ ചാക്യാരും സംഘവും ചാക്യാർകൂത്ത് അവതരിപ്പിക്കും.തുടർന്ന് പ്രൊഫ. വൈക്കം വേണുഗോപാലും സംഘവും വൃന്ദവാദ്യം അവതരിപ്പിക്കും. കലാമണ്ഡലം കൃഷ്ണദാസും മാർഗി രഹിത കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന തായമ്പക, സോംക്രാൻ ഫെസ്റ്റിവൽ, കല്യാണസൗഗന്ധികം തുള്ളൽ, മാർഗി ഷിബിന റംല അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത്, കൂടിയാട്ടം, കുമ്മാട്ടിക്കളി, ഡോ.രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, കേരളനടനം, റിഗാറ്റയുടെ നൃത്തനൃത്യങ്ങൾ എന്നിവയാണ് മറ്റു ദിവസങ്ങളിലെ പ്രധാന പരിപാടികൾ.