arif-muhammed-khan

തിരുവനന്തപുരം: താൻ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണമെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൃന്ദ കാരാട്ട് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും ചോദിച്ചു. മുംബയിലേക്ക് പുറപ്പെട്ട അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഗവർണർക്ക് താത്പര്യമുണ്ടെങ്കിൽ അത് ചെയ്യണമെന്നാണ് വൃന്ദ കാരാട്ട് പറഞ്ഞത്. ബി.ജെ.പി ടിക്കറ്റിൽ കേരളത്തിലെ ഏതെങ്കിലും സീറ്റിൽ മത്സരിക്കണമെന്നും ഗവർണറെ വെല്ലുവിളിക്കുന്ന രീതിയിൽ വൃന്ദ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വിരുന്നിനു ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നതാണെന്ന് ഗവർണർ പ്രതികരിച്ചു. ക്ഷണക്കത്ത് രാജ്ഭവനിൽ കിടക്കുന്നുണ്ട്. പോകാത്തത് എന്തുകൊണ്ടാണെന്ന് മാദ്ധ്യമങ്ങൾ അന്വേഷിക്കണം.ഗവർണറോട് ചോദിക്കുന്നതുപോലെ ചോദ്യങ്ങൾ മുഖ്യമന്ത്രിയോടും ചോദിക്കണം.

മുഖ്യമന്ത്രിയുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ല. നിയമപരമായ കാര്യങ്ങളാണ് താൻ ചെയ്യുന്നത്. അവരാണ് നിയമം അനുസരിച്ച് പ്രവർത്തിക്കാത്തതെന്നും ഗവർണർ പറഞ്ഞു.