cm

തിരുവനന്തപുരം: ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ സ്വന്തം ജീവിതത്തെ ഇതിഹാസമാക്കി മാറ്റിയ ധീര വിപ്ലവകാരിയാണ് വി.എസ്.അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്‍.കെ.ടി.യു മുഖമാസികയായ 'കർഷക തൊഴിലാളി'' യുടെ പ്രഥമ കേരള പുരസ്കാരം വി.എസിന് അച്യുതാനന്ദന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസിന് വേണ്ടി മകൻ ഡോ.വി.എ.അരുൺകുമാർ 40,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങി.

കേരളത്തിന്റെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതിനായി സ്വജീവിതം ഉഴിഞ്ഞുവച്ച വി.എസ് കേരള പുരസ്കാരത്തിന് എല്ലാവിധത്തിലും അർഹനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.. എന്നും യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും പാതകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. വി.എസ് നൽകിയ മഹത്തായ സംഭാവനകളുടെ കൂടി ഫലമാണ് ആധുനിക കേരളമെന്നും അദ്ദേഹം പറഞ്ഞു.

സി.പി,​എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അദ്ധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,​ കർഷക തൊഴിലാളി മാസിക മാനേജർ ആനാവൂർ നാഗപ്പൻ,​ വി.ജോയി എം.എൽ.എ,​ മേയർ ആര്യ രാജേന്ദ്രൻ,​ അശോകൻ ചരുവിൽ,​ പ്രൊഫ.വി.കാർത്തികേയൻ നായർ,​ ആർ.പാർവതിദേവി,​ മാസിക എഡിറ്റർ പ്രീജിത് രാജ്,​ കെ.എസ്.കെ.ടിയു ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ,​ പ്രസിഡന്റ് എൻ.ആർ.ബാലൻ തുടങ്ങിയവർ പങ്കെടുത്തു. കേരള സാഹിത്യ പുരസ്കാരങ്ങൾ സുരേഷ് പേരിശേരി,​ കെ.രാജേന്ദ്രൻ,​ ശ്രീജിത്ത് അരിയല്ലൂർ,​ ഡോ.എ.വി.സത്യേഷ് കുമാർ,​ നീലിമ വാസൻ,​ ശ്രീദേവി കെ.ലാൽ എന്നി​വർക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

പെൻഷൻ മുടക്കാൻ

നോക്കിയവരെ അറിയാം

ക്ഷേമ പെൻഷൻ ലഭ്യമാക്കാൻ ഇടപെട്ടതാര്,​ അത് മുടക്കാൻ തയ്യാറായതാര് എന്നൊക്കെ സമൂഹത്തിന് അറിയാവുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എണ്ണമറ്റ പോരാട്ടങ്ങളുടെയും പുരോ​ഗമന സർക്കാരുകളുടെ ഇടപെടലിന്റെയും ഫലമായാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനമായി കേരളം മാറിയത്. ക്ഷേമ പെൻഷൻ ആരും വച്ചുനീട്ടിയ ഔദാര്യമല്ല. കർഷകത്തൊഴിലാളികൾക്ക് രാജ്യത്ത് ആദ്യമായി ക്ഷേമപെൻഷൻ ഏർപ്പെടുത്തിയത് കേരളത്തിലാണ്.1980 ലെ ഇടത് സർക്കാർ പതിനായിരക്കണക്കിന് പേർക്കാണ് പെൻഷൻ ലഭ്യമാക്കിയത്. ഇന്ന് സംസ്ഥാനത്ത് 60 ലക്ഷത്തോളം ആളുകൾക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നു.