
തിരുവനന്തപുരം : ജനറിക് പേരെഴുതാതെ വൻകിട മരുന്ന് കമ്പനികളെ സഹായിക്കുന്ന ഡോക്ടർമാർക്ക് പുറമേ, മരുന്ന് മറിച്ചുവില്ക്കുന്ന പ്രത്യേക ലോബിയും സർക്കാർ ആശുപത്രികളിൽ സജീവം. ചില ജീവനക്കാരും മെഡിക്കൽ സ്റ്റോറുകാരും ഉൾപ്പെടുന്ന സംഘമാണിത്.
താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകൾവരെ സംഘം സജീവമാണ്. ശസ്ത്രക്രിയയ്ക്കും ഐ.സി.യുവിലും മരുന്ന് രോഗിയുടെ ബന്ധുക്കൾ വാങ്ങി നൽകണം. ഇതിനുള്ള കുറിപ്പ് ആശുപത്രിയിൽ നിന്ന് നൽകും. ഇതിന്റെ മറവിലാണ് വെട്ടിപ്പ്.
മരുന്ന് ഡോക്ടർമാർ കേസ് ഷീറ്റിൽ എഴുതും. ഇത് നോക്കി പ്രത്യേക കുറിപ്പ് എഴുതി ബന്ധുക്കൾക്ക് നൽകുന്നത് മറ്റു ജീവനക്കാരാണ്. കേസ് ഷീറ്റിലുള്ളതിനു പുറമേ, അധിക മരുന്നും കുറിപ്പിൽ ചേർക്കും. രോഗിയുടെ ബന്ധുക്കൾ വാങ്ങി നൽകുന്ന അധിക മരുന്നുകൾ അതേ മെഡിക്കൽ സ്റ്റോറുകളിൽ തിരിച്ചെത്തും. ചെറിയൊരു വിഭാഗം ഡോക്ടർമാരും കണ്ണടയ്ക്കാറുണ്ടെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.
ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിയുടെ ബന്ധുക്കളെ കൊണ്ട് ഇരട്ടിയോളം സാധനങ്ങൾ വാങ്ങിപ്പിക്കും. സിറിഞ്ചുകൾ മുതൽ കുത്തിവയ്പ്പിനുള്ള മരുന്നുകളും വിലയേറിയ ഗുളികകളും ഇക്കൂട്ടത്തിലുണ്ടാകും.
സ്വന്തം ഫാർമസി കമ്പനി
കുടുംബാംഗങ്ങളുടെ പേരിൽ ഫാർമസി കമ്പനികളുള്ള ഡോക്ടർമാരുമുണ്ട്. പലതിന്റെയും രജിസ്ട്രേഡ് ഓഫീസ് ബംഗളൂരുവിലും ചെന്നൈയിലും ഡൽഹിയുമാണെങ്കിലും പ്രവർത്തിക്കുന്നത് കേരളത്തിലാണ്. വടക്കേ ഇന്ത്യയിലെ പല കമ്പനികളിലും നിർമ്മിച്ചാണ് മരുന്നുകളെത്തിക്കുന്നത്. സർക്കാർ,സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ഡോക്ടർമാർ എവിടെയാണോ ജോലി ചെയ്യുന്നത് അതിന് സമീപത്താകും ഈ മരുന്നുകൾ സുലഭമായി ലഭ്യമാക്കുക.