തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു. അധികൃതരുടെ അനാസ്ഥയെന്ന് യുവതിയുടെ കുടുംബം പരാതി നൽകി. പോത്തൻകോട് സ്വദേശിയായ 25-കാരിയുടെ പ്രസവത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ഇവരെ ഡിസംബർ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 31ന് ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തു. ഇതിനിടെ വേദന കലശലാകുകയും ചെയ്തു. തനിക്ക് വേദന സഹിക്കാനാകുന്നില്ലെന്നും സിസേറിയൻ മതിയെന്നും പറഞ്ഞിട്ട് ഡോക്ടർ ചെവിക്കൊണ്ടില്ലെന്നും കിടക്കയിൽ ക്കിടന്ന് പുളഞ്ഞ തന്റെ കാല്‍ ഡോക്ടറുടെ ശരീരത്തിൽ തട്ടിയതിന് തനിക്കെതിരേ കേസു കൊടുക്കുമെന്ന് ഡോക്ടർ പറഞ്ഞെന്നുമാണ് യുവതിയുടെ പരാതി. അതിനിടെ ജനുവരി 1ന് രാത്രി ഒരുമണിയോടുകൂടി യുവതി കുഞ്ഞിന് ജന്മം നൽകിയെങ്കിലും ഒരുമണിക്കൂറിനിടെ കുട്ടി മരിച്ചു. ഡോക്ടറും ബന്ധപ്പെട്ടവരും മനസ്സുവച്ചിരുന്നെങ്കിൽ തന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടുമായിരുന്നുവെന്നാണ് നിറകണ്ണീരോടെ യുവതി പറയുന്നത്. അതിനിടെ, ലേബർ റൂമിൽ പുതുവർഷാഘോഷം നടത്തിയെന്നും വെള്ളം ചോദിച്ചിട്ട് നല്‍കിയില്ലെന്നും യുവതി പറയുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്റ്റേഷനിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ പറഞ്ഞു.