d

ശംഖുംമുഖം: വിമാനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 86ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നുമെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

യാത്രക്കാരൻ സ്വർണം കടത്തുന്നുവെന്ന് നേരത്തെ രഹസ്യ വിവരം കിട്ടിയതിനെതുടർന്ന് വിമാനത്തിലെത്തിയ യാത്രക്കാരെ പൂർണമായും എയർ കസ്റ്റംസ് നീരിക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്‌തെങ്കിലും യാത്രക്കാരിൽ നിന്ന് സ്വർണം കണ്ടത്താൻ കഴിഞ്ഞില്ല. തുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്തിലേക്ക് കടന്ന് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് വിമാനത്തിലെ ബിസിനസ് ക്ലാസിലെ സീറ്റിനടിയിൽ നിന്ന് മിശ്രിത രൂപത്തിലാക്കിയ സ്വർണം പേപ്പറിൽ പൊതിഞ്ഞ നിലയിൽ കണ്ടത്തിയത്.

തുടർന്ന് വിദഗ്ദ്ധരുടെ സഹായത്തിൽ സ്വർണമെടുത്ത് വേർതിരിച്ചപ്പോൾ 1373.4 ഗ്രാം തൂക്കമുള്ള സ്വർണം കിട്ടി. സ്വർണത്തിന് 86 ലക്ഷത്തോളം രൂപ വില വരും. സ്വർണക്കടത്ത് മാഫിയകൾക്കായി സ്വർണം കടത്തുന്ന സംഘങ്ങൾ സ്വർണം വിമാനത്തിൽ ഉപേക്ഷിക്കും,​ അടുത്ത പറക്കലിന് മുമ്പായി വിമാനത്തിലെ ക്ലിനിംഗ് തൊഴിലാളികൾ വഴി ക്ലീനിംഗ് വേസ്റ്റിലൂടെ സ്വർണം പുറത്തെത്തിക്കുന്നതാണ് രീതി. സ്വർണം കണ്ടത്തിയ സീറ്റിലെ യാത്രക്കാരന്റെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് അന്വേഷിക്കും.