manalu

നെയ്യാറ്റിൻകര: ടാർപോളിൻ കൊണ്ടു മറച്ചതും പൊട്ടിപ്പൊളിഞ്ഞതുമായ കുടിലുകളിൽ ദുരിത ജീവിതം നയിക്കുകയാണ് പെരുങ്കടവിള പഞ്ചായത്തിലെ ചുള്ളിയൂർ വാർഡിലെ മണലുവിള ലക്ഷംവീട് കോളനി നിവാസികൾ.

30 വർഷം മുൻപാണ് മണലുവിളയിൽ 33 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചുനൽകിയത്. കാലപ്പഴക്കം കാരണം പല വീടുകളും ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ് തകർന്ന് വീഴാറായ അവസ്ഥയിലാണ്. കോളനി സ്ഥാപിച്ചതൊഴികെ പിന്നീട് അധികൃതരാരും ഇവിടെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് കോളനി നിവാസികളുടെ പരാതി.

പൊളിഞ്ഞുവീഴാറായ വീടുകളിൽ പലതിലും വൈദ്യുതി, കുടിവെള്ള സൗകര്യങ്ങളുമില്ല. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ലൈഫ് പദ്ധതിയടക്കമുള്ള ഭവന പദ്ധതികൾ നിലവിലുണ്ടെങ്കിലും മണലുവിള കോളനിക്കാർക്ക് അതെല്ലാം അന്യമാണ്. നിരന്തര പരാതികളുടെയും മറ്റ് ഇടപെടലുകളുടെയും സഹായത്തോടെ 2 പേർക്കാണ് ഇത്രയും കാലത്തിനിടയിൽ ലൈഫ് പദ്ധതിയിൽ ഇടം പിടിക്കാനായത്. കോളനി നിവാസികളുടെ ദുരിതം മനസിലാക്കി ഏതെങ്കിലും ഭവന പദ്ധതിയിലുൾപ്പെടുത്തി കോളനി നവീകരണം നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

ഇരട്ട വീടുകൾ ഒറ്റ വീടായി

ഇടിഞ്ഞും പൊളിഞ്ഞും വീഴാറായ വീടുകളുടെ പുനഃനിർമ്മാണം സംബന്ധിച്ച് വീട്ടുകാ‌ർ പഞ്ചായത്തിനടക്കം നിരവധി പരാതികൾ നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആദ്യം ഇരട്ടവീടുകളായി നിർമ്മിച്ചവയെ പിന്നീട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒറ്റവീടാക്കി മാറ്റുകയായിരുന്നു.

പലരും മാറി

പല വീടുകളും താമസയോഗ്യമല്ലാതായതിനെ തുടർന്ന് 10ഓളം കുടുംബങ്ങൾ ഇവിടം ഉപേക്ഷിച്ച് വാടക വീടുകളിലേയ്ക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്. മറ്റൊരു വീട് തരപ്പെടുത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകാരണം വളരെ പരിതാപകരമായ അവസ്ഥയിലാണ് ശേഷിച്ച കുടുംബങ്ങൾ താമസിക്കുന്നത്.

അവസ്ഥ

ഭൂരിഭാഗം വീടുകളുടെയും മേൽക്കൂരകൾ പൂർണമായും തകർന്നു. ടാർപോളിൻ കൊണ്ട് മറച്ചും കാറ്റാടിക്കഴകൾ കൊണ്ടുമാണ് വീടെന്ന പേരിൽ പല കൂരകളെയും നിലനിറുത്തിയിട്ടുള്ളത്.