
കൊല്ലം: ''കലയ്ക്ക് എന്ത് മതവും ജാതിയും.ഇഷ്ടത്തോടെ കളിക്കുന്നതിൽ അല്ലേ കാര്യം''.
എച്ച്.എസ്.എസ്. വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ് നേടിയ എറണാകുളം സ്വദേശി മുഹമ്മദ് സഹലിന്റെ വാക്കുകളിൽ ആത്മവിശ്വാസം. അർജുനന് വരം നൽകാൻ പാർവ്വതി ശിവനോട് പറയുന്ന ഭാഗമാണ് സഹൽ അരങ്ങിലാടിയത്.
എറണാകുളം മാർക്കറ്റിൽ പൊടിയും വെയിലുമേറ്റ് ചുമട് എടുക്കുമ്പോൾ പിതാവ് സമീറിന് തന്റെ മക്കളെ ചിലങ്ക അണിയിക്കണമെന്ന് മോഹമുദിച്ചു. ദഫ് മുട്ടും മാപ്പിളപ്പാട്ടും പഠിപ്പിക്കാൻ അന്ന് ചിലർ ഉപദേശിച്ചു. എന്നാൽ തിളങ്ങുന്ന കുപ്പായവും ആഭരണങ്ങളും അണിയുന്ന നൃത്ത ഇനങ്ങളായിരുന്നു സെമീറിന്റെ മനസിൽ. മക്കളും താത്പര്യം അറിയിച്ചതോടെ
മൂത്ത മകൾ സഹലയെ വീടിനടുത്തുള്ള ഗുരു സൂരജിന് കീഴിൽ അഭ്യസിപ്പിച്ചു. വേഗം പഠിച്ച് എടുത്തതോടെ കലോത്സവങ്ങളിൽ സഹല നിറസാന്നിദ്ധ്യമായി. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടി. സഹോദരിയിൽ നിന്ന് സഹലും നൃത്തം പഠിച്ചെടുത്തു. നാടോടി നൃത്തത്തിലും ഇക്കുറി പങ്കെടുക്കുന്നുണ്ട്. ചുമടെടുത്ത് കിട്ടുന്ന തുച്ഛ വരുമാനത്തിലും നൃത്തത്തിന്റെ ചെലവുകൾ സമീർ കണ്ടെത്തും. ആരിൽ നിന്നും സഹായം സ്വീകരിക്കില്ല. ഭാര്യ അനീഷ. തേവര സേക്രഡ് ഹാർട്ട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സഹൽ. സഹോദരി സഹല എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നു.