k

അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചി അതിലെ ജീവനക്കാരെ ബന്ദികളാക്കി വൻതുക മോചനദ്ര‌വ്യമായി വാങ്ങാനുള്ള സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശ്രമം വിഫലമാക്കിയ ഇന്ത്യൻ നാവികസേന ഒരിക്കൽ കൂടി കരുത്ത് തെളിയിച്ചിരിക്കുകയാണ്. നാവികസേനയുടെ ഓപ്പറേഷൻ തിരിച്ചറിഞ്ഞ് കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് ജീവനും കൊണ്ട് പലായനം ചെയ്യുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന പതിനഞ്ച് ഇന്ത്യക്കാരുൾപ്പെടെ ഇരുപത്തൊന്ന് ജീവനക്കാരും സുരക്ഷിതരാണ്. കപ്പൽ ബഹ‌്‌റൈൻ തീരത്തേക്ക് തിരിക്കുകയും ചെയ്തു. സമീപദിവസങ്ങളിൽ അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാരുടെയും ഹൂതി വിമതന്മാരുടെയും ശല്യം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. ചെങ്കടലിലാണ് ഹൂതികളുടെ ആക്രമണം അസഹനീയമായ നിലയിൽ വർദ്ധിച്ചിരിക്കുന്നത്. ഇവരിൽ നിന്നു രക്ഷ നേടാൻ കപ്പലുകൾ റൂട്ട് മാറ്റി അറബിക്കടൽ വഴി മാറിപ്പോവുകയാണിപ്പോൾ. അവിടെയും കപ്പലുകൾ വൻതോതിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുദിവസത്തിനകം മൂന്നു കപ്പലുകളാണ് കടൽക്കൊള്ളക്കാരുടെ ആക്രമണം നേരിടേണ്ടിവന്നത്. ഇന്ത്യൻ നാവികസേനയുടെ സമയോചിതമായ ഇടപെടലുകൾ കടൽക്കൊള്ളക്കാരുടെ ശ്രമങ്ങൾ വിഫലമാക്കുകയായിരുന്നു.

ചരക്കുകപ്പലുകൾ തട്ടിയെടുത്ത് വിലപേശലിലൂടെ വൻതോതിൽ പണം തട്ടിക്കൊണ്ടിരിക്കുന്ന സൊമാലിയൻ കടൽക്കൊള്ളക്കാരും ഹൂതി വിമതന്മാരും ആഗോള കപ്പൽ ഗതാഗതത്തിന് ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്. കടലിൽ നടക്കുന്ന താന്തോന്നിത്തരം ചെറുക്കാൻ ഇന്ത്യൻ സമുദ്ര‌ത്തിലും അറബിക്കടലിലും നമ്മുടെ നാവികസേനയും കോസ്റ്റ് ഗാർഡുകളും സദാ ജാഗരൂകമാണ്. നാവികസേനയുടെ സാന്നിദ്ധ്യമാണ് പല റാഞ്ചൽ ശ്രമങ്ങൾക്കും തടയിടുന്നത്. അത്യാധുനിക പടക്കപ്പലുകളുടെ അകമ്പടിയോടെ നാവികസേന കടൽക്കൊള്ളക്കാരിൽ നിന്നു ചരക്കുകപ്പലുകളെ മാത്രമല്ല അവയിലെ ജീവനക്കാരെയും രക്ഷിക്കുന്നുണ്ട്. അറബിക്കടലിൽ കൊള്ളക്കാർ തട്ടിയെടുക്കാൻ ശ്രമിച്ച ലൈബീരിയൻ എണ്ണടാങ്കറിൽ ആയുധധാരികളായ അര ഡസനോളം കൊള്ളക്കാരാണ് കടന്നുകൂടിയത്. അപായ സന്ദേശം ലഭിച്ച മാത്രയിൽ റോന്തുചുറ്റിക്കൊണ്ടിരുന്ന നാവികസേനയുടെ ഐ.എൻ.എസ് ചെന്നൈ എന്ന പടക്കപ്പൽ സംഭവസ്ഥലത്തേക്കു പാഞ്ഞെത്തുകയായിരുന്നു. കപ്പലിൽ നിന്നു പറന്നുയർന്ന വിമാനം വിടാതെ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിനു മുകളിൽ വട്ടം ചുറ്റി കപ്പൽ ഉപേക്ഷിച്ചുപോയില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് തുടർച്ചയായി മുന്നറിയിപ്പു നൽകുകയും ചെയ്തു. ഇന്ത്യൻ നാവികരുടെ മുന്നറിയിപ്പിനു മുൻപിൽ പിടിച്ചുനിൽക്കാനാവാതെ കൊള്ളക്കാർ റാഞ്ചൽ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണു മനസ്സിലാക്കുന്നത്. മുട്ടാളന്മാരെ നേരിടാൻ അവരുടെ ഭാഷയിൽത്തന്നെ തിരിച്ചടി നൽകുക എന്നതാണ് അഭികാമ്യമെന്നു ബോദ്ധ്യമാക്കുന്നതാണ് അറബിക്കടലിലെ ഈ ഇന്ത്യൻ വിജയഗാഥ.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശക്തി വർദ്ധിച്ചുവരുന്നതിന്റെ സൂചന കൂടിയാണ് ഈ സംഭവം. ഹൂതികളുടെ ശല്യം പെരുകിയ പശ്ചാത്തലത്തിലാണ് കപ്പൽ കമ്പനികൾ പലതും ചെങ്കടൽ വിട്ട് അറബിക്കടൽ പാത തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ അതിശക്തമായ പരിരക്ഷ ഇവിടെ ലഭ്യമായതാണ് റൂട്ട് മാറ്റാൻ അവരെ പ്രേരിപ്പിക്കുന്നതെന്നു പറയാം. ചെങ്കടൽ വഴിയുള്ള പാത ഉപേക്ഷിച്ച് അറബിക്കടൽ പാത തിരഞ്ഞെടുക്കുന്നത് ചെലവുകൂടിയ ഏർപ്പാടാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുക്കുമ്പോൾ എന്തുകൊണ്ടും സ്വീകാര്യമായ റൂട്ട് മാറ്റമാണിത്. കടൽക്കൊള്ളക്കാരുടെ ഭീഷണിക്കു പുറമെ മയക്കുമരുന്നും സ്വർണവുമുൾപ്പെടെയുള്ള കള്ളക്കടത്തു തടയുന്നതിലും നാവികസേനയുടെ നിരീക്ഷണം ഫലപ്രദമാണ്. പാകിസ്ഥാനിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽ നിന്നും വൻതോതിലുള്ള ലഹരിവസ്തുക്കളുടെ കടത്ത് അറബിക്കടലിലൂടെയാണ്. സമീപകാലത്ത് അനേകായിരം കോടി രൂപയുടെ ലഹരിവസ്തുക്കളാണ് കപ്പൽ സഹിതം കടലിൽ മുക്കിത്താഴ്‌‌ത്തിയത്.