pipe

കുറ്റിച്ചൽ: പഞ്ചായത്തിലെ കോട്ടൂർ - കടമാൻകുന്ന് - കള്ളിയൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളാണ് കടമാൻകുന്ന് -കള്ളിയൽ. റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുടിവെള്ളമെത്തിയിട്ടില്ല. വേനൽ കടുത്തതോടെ കിണറുകളും വറ്റിത്തുടങ്ങി. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി കൊണ്ടിട്ട പൈപ്പുകളിവിടെ കാഴ്ചവസ്തുവായി മാറി. കാളിപ്പാറ ശുദ്ധജലപദ്ധതി പ്രകാരം കള്ളിക്കാട് പഞ്ചായത്തിലെ വ്ലാവെട്ടി വഴിയാണ് കോട്ടൂർ പ്രദേശത്ത് ആദ്യമായി കുടിവെള്ളമെത്തിയത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അർദ്ധരാത്രിയിൽ കുടിവെള്ളമെത്തിയിരുന്നത്. പരുത്തിപ്പള്ളി വാട്ടർ അതോറിട്ടിയുടെ പമ്പ്സെറ്റ് പണി ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ എല്ലാ പ്രദേശത്തും കുടിവെള്ളമെത്തിക്കുമെന്ന് അധികൃതർ പറയുന്നു. എന്നാൽ നാളിതുവരെ ഇവിടെ പമ്പിംഗ് ആരംഭിച്ചിട്ടില്ല. വേനൽ കടുത്താൽ കുടിവെള്ളം കിട്ടാക്കനിയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.