
കാട്ടാക്കട: പൂവച്ചലിൽ യുവാവിനെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുമായി ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ ആലമുക്ക് പാറപ്പൊറ്റ പുണ്ണാംകോണം തോട്ടരികത്ത് വീട്ടിൽ പരേതയായ ബുഷറ-മുഹമ്മദ് അലി ദമ്പതികളുടെ മകൻ മുഹമദ് തൗഫീഖിനെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഒമ്പതോടെ സഹോദരൻ മുഹമദ് ഷാഫിയാണ് വീടിന് പിന്നിലെ ആത്തി മരത്തിൽ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട സി.ഐ ഷിബുകുമാറും എസ്.ഐ ശ്രീനാഥും ഉൾപ്പെട്ടെ സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തലേദിവസം വീട്ടിൽ അടിപിടി നടന്നിരുന്നതായി കാട്ടാക്കട പൊലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ വൈകിട്ടോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് കാട്ടാക്കട പൊലീസ് നൽകുന്ന വിവരം. ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനായി യുവാവിന്റെ പിതാവിനെയും മുഹമദ് ആഷിക്ക്,മുഹമദ് ഷാഫി എന്നീ സഹോദരങ്ങളെയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.