k

 ചക്കരയുമ്മയുമായി ടീച്ചർ അമ്മമാർ

കൊല്ലം: ദഫ് മുട്ടിന്റെ ചുവടുകൾ ചടുലമായപ്പോൾ അവരെ കാത്തുനിന്ന 'അമ്മ"മാരുടെ മുഖത്തും ആവേശവും വാത്സല്യവും നിറഞ്ഞു.

പാലക്കാട് ജി.വി എച്ച്.എസ്.എസിലെ കുട്ടികൾക്കൊപ്പമാണ് അദ്ധ്യാപികമാരായ ജമീലയും സുജാതയും എത്തിയത്. സി.എസ്.ഐ കൺവെൻഷൻ സെന്ററിലായിരുന്നു ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് മത്സരം.

ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികളാണ് മത്സരിച്ച പത്തംഗ സംഘം. 'എന്റെ മോൻ കാർത്തികിനും ഈ കുട്ടികളുടെ പ്രായമാണ്. അവനെപ്പോലെ തന്നെയാണ് ഇവരും ' മത്സരം കഴിഞ്ഞ് പുറത്തെത്തിയ കുട്ടികളെ ചേർത്തുനിറുത്തി ഹിന്ദി അദ്ധ്യാപിക സുജാത പറഞ്ഞു.

മുഹമ്മദ് അഹ്സലും സംഘവും നന്നായി കളിച്ചതോടെ ടീച്ചറമ്മമാരുടെ കണ്ണുകൾ നനഞ്ഞു. ദഫ് മുട്ട് പരിശീലനത്തിന് ക്ലാസുകൾ കട്ട് ചെയ്യേണ്ടി വന്നപ്പോഴും ടീച്ചർമാർ ചൂരലെടുത്തില്ല. പഠനത്തിലും കുട്ടികൾ ഉഷാറാണെന്ന് അദ്ധ്യാപികമാർ പറയുന്നു. സ്കൂളിലെ നാടക സംഘത്തിനൊപ്പവും ഇവരുണ്ടാവും. പരിശീലകൻ മുസ്തഫ തണ്ണീർകോട്, നജീബ്, നസീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.