
രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. മുൻ ഇന്ത്യ, ക്രിക്കറ്റ് ടീം നായകൻ കപിൽദേവിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്.
രജനികാന്തും കപിൽദേവും ചിത്രത്തിൽ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ളതാണ് പോസ്റ്റർ. ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണ് ലാൽ സലാമിന്റെ പ്രമേയം. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച കപിൽദേവിന്റെ ആദ്യ തമിഴ് ചിത്രമാണ് ലാൽ സലാം എന്ന പ്രത്യേകതയുണ്ട്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് നായകൻമാർ. വിവേക് പ്രസന്ന, നിരോഷ, സെന്തിൽ, തമ്പിരാമയ്യ, ജീവിത, ആദിത്യ മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ. എ.ആർ. റഹ്‌മാനാണ് സംഗീത സംവിധാനം. പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം.