
തിരുവനന്തപുരം: സെപ്തംബർ രണ്ടിനു ശ്രീഹരിക്കോട്ടയിൽ നിന്ന് ഉയർന്നുപൊങ്ങി 126 ദിവസം ബഹിരാകാശത്തുകൂടി യാത്ര ചെയ്താണ് ആദിത്യ എൽ.1 പേടകം ലെഗ്രാഞ്ച് പോയന്റ് 1 എന്ന ലക്ഷ്യത്തിലെത്തിയത്.
1772ൽ സ്വിസ് ഗണിതശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായ ലിയോനാർഡ് യൂളർ, ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയിസ് ലെഗ്രാഞ്ച് എന്നിവരാണ് സൂര്യനും ഭൂമിക്കുമിടയിൽ ഗുരുത്വാകർഷണത്തിന്റെ ആകർഷണ വികർഷണങ്ങൾ ഒരുപോലെ അനുഭവപ്പെടുന്ന ഈ സുപ്രധാന സ്ഥാനങ്ങൾ കണ്ടെത്തിയത്. ജോസഫ് ലൂയിസ് ലെഗ്രാഞ്ചിന്റെ പേരാണ് ഈ സ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഭൂമിക്കും സൂര്യനും ഇത്തരത്തിലുള്ള അഞ്ചു പോയിന്റുകളാണുള്ളത്. ഈ സ്ഥാനത്തുള്ള വസ്തുക്കൾ ഭൂമിയിലേക്കോ സൂര്യനിലേക്കോ ആകർഷിക്കപ്പെടുകയോ അകന്നുപോവുകയോ ചെയ്യില്ലെന്നതാണ് സവിശേഷത.
മാത്രമല്ല ഇവ ഭൂമി സൂര്യനെ ചുറ്റുന്ന അതേ വേഗത്തിൽ തത‌്സ്ഥാനത്ത് സ്ഥിരമായി നിന്നുകൊണ്ട് സൂര്യനെ ചുറ്റും. സൂര്യനേയും ഭൂമിയേയും നേർ രേഖയിൽ ബന്ധിപ്പിച്ചാൽ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയായാണ് ലെഗ്രാഞ്ച് പോയിന്റ് 1 (എൽ1) സ്ഥിതി ചെയ്യുന്നത്. ഇവിടേക്കാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്.
സാധാരണ ബഹിരാകാശ പേടകങ്ങൾ നിശ്ചിത സ്ഥാനത്ത് തുടരുന്നതിന് ഇടക്കിടെ സ്ഥാനം ക്രമീകരിക്കേണ്ടി വരാറുണ്ട്. ഇതിന് ഇന്ധന ചെലവുണ്ട്. എന്നാൽ ലെഗ്രാഞ്ച് പോയിന്റിൽ അതാവശ്യമില്ല. അധിക ഇന്ധനം ചെലവാക്കാതെ അവിടെ തുടരാനും സൂര്യനെ മറ്റു തടസങ്ങളൊന്നുമില്ലാതെ സ്ഥിരമായി വീക്ഷിക്കാനുമാകും.
ഒരിക്കൽ ലെഗ്രാഞ്ചിലെത്തിയാൽ പേടകം പ്രവർത്തനം തുടങ്ങും. സൗരവാതങ്ങൾ, റേഡിയേഷനുകൾ, സൂര്യനിൽ നിന്നുള്ള മറ്റ് ശാക്തിക ബഹിർസ്ഫുരണങ്ങൾ എന്നിവയും ഇവ ഭൂമിയുടെ കാന്തികവലയത്തിലുണ്ടാക്കുന്ന മാറ്റങ്ങളും പേടകത്തിലെ ഏഴു ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കും. അഞ്ചുവർഷമാണ് കാലാവധി.
എമിഷൻ കൊറോണ ഗ്രാഫ്, അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ തുടങ്ങി നാലു ദീർഘദൂര നിരീക്ഷണ ഉപകരണങ്ങളും സൗരവാത കണികാ അനലൈസർ, പ്ളാസ്മാ അനലൈസർ, ഹൈറെസൊല്യൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്റർ തുടങ്ങി മൂന്ന് പരിസരനിരീക്ഷണ പഠന ഉപകരണങ്ങളാണുള്ളത്.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പെടെ സൂര്യനെക്കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെക്കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നും പഠിക്കും.