gurudeva-dividentham

മുംബയ്: ശ്രീനാരായണഗുരുവിന്റെ ഭൗതിക ശേഷിപ്പായ ദന്തങ്ങൾ നവി മുംബെയിലെ നെരൂളിലുള്ള ശ്രീനാരായണമന്ദിര സമിതിയുടെ ഗുരുദേവഗിരിയിൽ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച ദിവ്യദന്തം പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്. എന്നാൽ ലോകത്തെ വിവിധ മേഖലകളിൽ നിന്നും ശ്രീനാരായണീയർ ദിവ്യദന്തം ദർശിക്കാൻ എത്തുന്നത് പതിവായ സാഹചര്യത്തിൽ, കൂടുതൽ തവണ പൊതുദർശനത്തിന് വയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് ശ്രീനാരായണ മന്ദിരസമിതി. ശ്രീനാരായണഗുരു സമാധിയാവുന്നതിന് ഏതാനും നാൾ മുൻപ് എടുത്ത പല്ലുകൾ ദന്ത ഡോക്ടറായ ജി.ഒ. പാൽ സൂക്ഷിച്ചിരുന്നു. വർഷങ്ങൾ നിധിപോലെ സൂക്ഷിച്ച പല്ലുകൾ പൊതുജനങ്ങൾക്ക് കാണാനാവും വിധം ആദരവോടെ സൂക്ഷിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമെന്ന് മകൻ ശിവരാജ്പാൽ പറയുന്നു. അങ്ങനെയാണ് ദന്തങ്ങൾ മുംബെയിലെ ശ്രീനാരായണമന്ദിര സമിതിയുടെ കൈവശമെത്തുന്നത്. കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമാണ് മുംബയ് ആസ്ഥാനമായ ശ്രീനാരായണമന്ദിര സമിതി. 2004ൽ ശ്രീനാരായണ സമിതിക്ക് ദന്തങ്ങൾ കൈമാറിയ ശേഷം വിപുലമായാണ് ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച ഗുരുദേവഗിരി തീർത്ഥാടനം നടക്കുന്നത്.