
കൊല്ലം: മേക്കപ്പഴിക്കാതെ മീനു നൃത്തമാടിയപ്പോൾ ചുറ്റുമിരുന്ന അമ്മമാർക്ക് പെരുത്ത് സന്തോഷം. കൂട്ടത്തിലെ മല്ലിക പറഞ്ഞു, എനിക്കും ആട തെരിയുമേ... ഞാൻ വന്ത് ശോഭനാമ്മയുടെ പെരിയ ഫാൻ...
മീനുവിന് കൗതുകം. ആരോ മൊബൈലിൽ പാട്ട് വച്ചു. "ഒരു മുറൈ വന്ത് പാർത്തായാ...." 60കളിലെ കിതപ്പുകളില്ലാതെ മല്ലിക ചുവടുവച്ചു. മീനുവിന് അത്ഭുതം. കൊവിഡ് കാലത്ത് മല്ലിക ട്രെയിനിൽ ഇവിടെ വന്നിറങ്ങിയത് അനാഥയായിട്ടാണ്. മക്കളുപേക്ഷിച്ച അമ്മമാരുടെ കൂട്ടത്തിൽ ക്വയിലോൺ പുവർ ഹോമിൽ കഴിയുമ്പോഴും മല്ലികയുടെ മനസിൽ ഇടയ്ക്കൊക്കെ നൊമ്പരം നിറയും. കോയമ്പത്തൂർ സ്വദേശിയാണ് മല്ലിക.
കട്ടപ്പന എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺകാരി മീനു അനാഥരായ അമ്മമാരെ കാണാനെത്തിയത് ഉണ്ണിയപ്പവുമായിട്ടായിരുന്നു. വീട്ടിൽ അച്ഛൻ ഷൈനിന്റെ അമ്മ രാധാമണിക്കും അമ്മ നിഷയുടെ അമ്മ ശാന്തമ്മയ്ക്കും മുന്നിൽ നൃത്തം ചെയ്യുമ്പോൾ കിട്ടുന്നതിനും അപ്പുറത്തുള്ള അനുഭവമായിരുന്നു മീനുവിന് ഇന്നലെ ലഭിച്ചത്.
ഒന്നാംവേദിയിൽ കുച്ചിപ്പുടി അവതരിപ്പിച്ച ശേഷം അമ്മയ്ക്കൊപ്പം പുവർ ഹോമിലേക്ക് വരികയായിരുന്നു.
കൂടിയിരുന്ന അമ്മമാരും കൈയടിച്ചു. മക്കള് നന്നായി പഠിക്കണം. അമ്മയ്ക്കും അച്ഛനും താങ്ങാകണം. ഇത് പറഞ്ഞ് തീർന്നപ്പോഴേക്കും ഒരു അമ്മ വിതുമ്പി. ''മൂന്ന് മക്കളുണ്ട് ഈ അമ്മയ്ക്ക്... പരിചാരികയായ ഹണി റോസ് പറഞ്ഞു.
മമ്മൂട്ടിയെ കാണാൻ മോഹം
കലോത്സവം കാണാൻ എത്തണമെന്ന് മീനു എല്ലാവരേയും ക്ഷണിച്ചു. അവരെല്ലാം സൂപ്രണ്ട് വത്സരാജിനെ നോക്കി. നാളെ പോകാമെന്ന് സൂപ്രണ്ട് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് ചിരി പടർന്നു.