
നെടുമങ്ങാട് : മലയോര പട്ടണത്തിന്റെ തലയെടുപ്പുയർത്തി മിനി സിവിൽ സ്റ്റേഷനും പൊതുമരാമത്ത് വിശ്രമ മന്ദിരവും യാഥാർത്ഥ്യമാവുന്നു. രാജഭരണത്തിന്റെ ശേഷിപ്പായ കോയിക്കൽ കൊട്ടാരത്തിനൊപ്പം മിനി സിവിൽ സ്റ്റേഷനും സർക്കാർവക റസ്റ്റ് ഹൗസും ഇനി നെടുമങ്ങാടിന്റെ പ്രൗഢി ഉയർത്തും. കച്ചേരിനടയിൽ റവന്യു ടവറിനു മുൻവശത്തായാണ് സിവിൽ സ്റ്റേഷൻ. പുതിയ മന്ദിരം പ്രവർത്തന സജ്ജമാവുന്നതോടെ കച്ചേരിനടയിലെ ഗതാഗതക്കുരുക്കിനും വാഹന പാർക്കിംഗിനും പരിഹാരമാവും. റവന്യു ടവറിന്റെയും സിവിൽ സ്റ്റേഷന്റെയും ഇടനാഴി പാർക്കിംഗിന് ഉപയോഗിക്കാൻ കഴിയും വിധമാണ് രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. വാളിക്കോട് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റവന്യു ഡിവിഷൻ ഓഫീസും റവന്യുടവറിൽ അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസും ജോയിന്റ് ആർ.ടി.ഓയും സിവിൽ സ്റ്റേഷനിലേക്ക് മാറും.
നിർമ്മാണ ചെലവ് - 9 കോടി
കണ്മുന്നിലുണ്ട്, കാണുന്നില്ല
ഒമ്പത് കോടി രൂപയോളം ചെലവിട്ട് രണ്ടു വർഷക്കാലയളവിലാണ് നിർമ്മാണം പൂർത്തിയായത്. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സൗകര്യപ്രദമായ സ്ഥലമില്ലെന്ന പേരിൽ പദ്ധതി ഉപേക്ഷിക്കാൻ നീക്കം നടക്കവേ, റവന്യു ടവറിനുമുന്നിൽ അന്യാധീനപ്പെടുന്ന 20 സെന്റ് സ്ഥലം സംബന്ധിച്ച് 2019 ഡിസംബർ 23ന് കണ്മുന്നിലുണ്ട്, കാണുന്നില്ല എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയാണ് കച്ചേരിനടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമെന്ന നിലയിൽ ജില്ലാ കളക്ടറും ആർ.ഡി.ഒയും വിവിധ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരും നിരന്തര സമ്പർക്കം പുലർത്തുന്ന നെടുമങ്ങാട്, സൗകര്യപ്രദമായ വിശ്രമ മന്ദിരമില്ലെന്ന ആക്ഷേപം പുതിയ റസ്റ്റ് ഹൗസിന്റെ വരവോടെ ഒഴിയും.
റസ്റ്റ് ഹൗസ് ഇങ്ങനെ
ആദ്യഘട്ടത്തിൽ 3.03 കോടിയും രണ്ടാംഘട്ടത്തിൽ 2.5 കോടിയും മൂന്നാം ഘട്ടത്തിൽ 1.05 കോടി രൂപയുമാണ് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് നിർമ്മാണത്തിനായി ചെലവിട്ടത്. സെല്ലാർ, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നീ നിലകളാണുള്ളത്. ചെറുതും വലുതുമായ രണ്ടു കോൺഫറൻസ് ഹാളുകളും നാല് സ്യൂട്ട് റൂമുകളുമടക്കം ഒമ്പത് മുറികളും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു വി.ഐ.പി ലോഞ്ചും എടുത്തു പറയേണ്ടതാണ്.