
തിരുവനന്തപുരം: പരുത്തിപ്പാറ-അമ്പലമുക്ക് റോഡിൽ മുട്ടട ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്ത് നിർമ്മാണസാമഗ്രികൾ അനധികൃതമായി കൂട്ടിയിടുന്നതായി പരാതി. ഇതോടെ വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
ജല്ലിക്കല്ലുകൾ,ഇഷ്ടികകൾ,മണ്ണ് തുടങ്ങിയവ റോഡരികിൽ കൂട്ടിയിടുന്നതിന് പിന്നിൽ നഗരസഭയുടെ കരാറുകാരും പ്രദേശത്തെ നിർമ്മാണസാമഗ്രി കച്ചവടക്കാരുമാണെന്നാണ് ആക്ഷേപം. സമീപപ്രദേശങ്ങളിൽ റോഡ് നിർമ്മാണം നടക്കുമ്പോൾ ഇവിടെയാണ് കരാറുകാർ നിർമ്മാണസാമഗ്രികൾ കൊണ്ടിടുന്നത്. പിന്നീട് കച്ചവടക്കാർ വില്പനയ്ക്കുള്ള കല്ലും മണ്ണുമെല്ലാം ഇവിടെ കൂട്ടിയിടുന്നത് പതിവാക്കുകയായിരുന്നു. റോഡിൽ സ്ഥലപരിമിതിയുണ്ടെന്നും ജല്ലിക്കല്ലുകളിൽ കയറി ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്ന സാഹചര്യമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
അതേസമയം സ്‌കൂളിന് സമീപം നഗരസഭയ്‌ക്ക് സ്വന്തം സ്ഥലമുണ്ട്. കാടുപിടിച്ച് കിടക്കുന്ന ഈ സ്ഥലം നിർമ്മാണ സാമഗ്രികൾ സംഭരിക്കാൻ കരാറുകാർക്ക് പ്രയോജനപ്പെടുത്താമെങ്കിലും അവരത് ചെയ്യുന്നില്ലെന്നാണ് പരാതി. വിഷയത്തിൽ മുട്ടട റസിഡന്റ്സ് അസോസിയേഷൻ നഗരസഭാ അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കരാറുകാരും പ്രാദേശിക രാഷ്ട്രീയക്കാരും തമ്മിലുള്ള ഒത്തുകളിയാണ് പിന്നിലെന്നാണ് പ്രദേശവാസികളുടെ ആരോപണം.