
തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യസൗരദൗത്യ വിജയത്തിന്റെ അഭിമാനത്തിൽ കേരളവും. ദൗത്യത്തിൽ ഉപയോഗിക്കുന്ന പേടകത്തിന്റെയും റോക്കറ്റിന്റെയും പല പ്രധാന ഭാഗങ്ങളും നിർമ്മിച്ചത് കേരളത്തിലാണ്. മാത്രമല്ല അണിയറയിൽ പ്രവർത്തിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥും വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായരും മലയാളികൾ.
ആദിത്യയെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച പി.എസ്.എൽ.വി റോക്കറ്റ് നിർമ്മിച്ചത് തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ. സൗരവാതത്തെക്കുറിച്ച് പഠിക്കുന്ന പാപ്പയെന്ന പേലോഡ് നിർമ്മിച്ചതും ഇവിടെത്തന്നെ. വെഹിക്കിൾ ഡയറക്ടർമാരായതും മലയാളികൾ.
നിർണായക ഭാഗങ്ങളായ ലിക്വിഡ് എൻജിനുകൾ വികസിപ്പിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിൽ. ആദിത്യയെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്കെത്തിക്കാൻ ഉപയോഗിച്ച കുഞ്ഞൻ റോക്കറ്റ് എൻജിനുകളും ഇവിടെയാണ് നിർമ്മിച്ചത്.
സൂര്യനെ നിയന്ത്രിക്കാനുള്ള ഏഴ് ഉപകരണങ്ങളിൽ ഒരെണ്ണം നിർമ്മിച്ചത് മലപ്പുറംസ്വദേശികളായ ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റേയിലും എ.എൻ.രാംപ്രകാശും. പൂനെയിലെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്സിലെ (ഐ.യു.സി.എ.എ) ശാസ്ത്രജ്ഞരാണ് ഇരുവരും. ഇവരടങ്ങിയ ടീമാണ് ആദിത്യയിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (എസ്യു.ഐ.ടി) വികസിപ്പിച്ചത്. സൂര്യന് ചുറ്റുമുള്ള ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറം പാളികൾ (കൊറോണ) എന്നിവയെയാണ് തുടർച്ചയായി എസ്യു.ഐ.ടി നിരീക്ഷിക്കുന്നത്.
കൂടാതെ ആദിത്യ പേടകത്തെ ബഹിരാകാശത്തെത്തിച്ച പി.എസ്.എൽ.വിയുടെ എക്സ്.എൽ.സി 57 റോക്കറ്റിന്റെ നിർമ്മാണത്തിനാവശ്യമായ 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ നിർമ്മിച്ചത് കെൽട്രോണിലാണ്. തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിൽ മുപ്പതും കരകുളത്തുള്ള എക്യുപ്‌മെന്റ് കോംപ്ലക്സിൽ എട്ടും പാക്കേജുകളാണ് നിർമ്മിച്ചത്. ജൂലായിൽ വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിലെ 41 മൊഡ്യൂളുകളും കെൽട്രോണാണ് നിർമ്മിച്ചത്.
വിജയവഴിയിൽ സോമനാഥ്
ചന്ദ്രയാൻ 3ന്റെ ചരിത്രവിജയം, ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിച്ചതിന്റെ നേട്ടം, ആർ.എൽ.വി റോക്കറ്റിന്റെ പരീക്ഷണവിജയം, തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാനുളള എക്സ്പോസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം തുടങ്ങി തൊടുന്നതെല്ലാം പൊന്നാക്കി മുന്നേറുന്ന സോമനാഥിന്റെ പ്രശസ്തിയിൽ ഒരു പൊൻതൂവൽകൂടിയായി മാറിയിരിക്കുകയാണ് ആദിത്യയുടെ വിജയം. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് താമസിക്കുന്നത്. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.