varkala-papnasam

വർക്കല : വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ വികസന സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ച് സമ്പദ് വ്യവസ്ഥയിൽ ശക്തവും സുസ്ഥിരവുമായ വളർച്ചയും തൊഴിലവസരവും സാദ്ധ്യമാക്കുന്ന ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഫ്ലോട്ടിംഗ് ബ്രിഡ്‌ജും വാട്ടർ സ്പോർട്സും യാഥാർത്ഥ്യമാക്കിയ വേളയിൽ ഇത് വർക്കലയ്ക്കുള്ള ക്രിസ്‌മസ് പുതുവത്സര സമ്മാനമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാൽ പുതുവത്സര ദിനത്തിൽ തന്നെ മൂന്ന് യുവതികൾക്ക് നേരെ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി 3ന് തമിഴ്‌നാട് സ്വദേശിനി ഹെലിപ്പാട് മലമുകളിൽ നിന്നും 30 അടി താഴ്ചയിലേക്ക് ചാടി ഗുരുതമായി പരിക്കേറ്റ് ചികിത്സയിലാണ്. ആത്മഹത്യാശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് കേസിൽ വഴിത്തിരിവുണ്ടായി. പുറംലോകം അറിഞ്ഞതും അറിയാത്തതുമായ നിരവധി സംഭവങ്ങൾ ടൂറിസം മേഖലയിൽ നടക്കുന്നുണ്ട്. വിദേശ വനിതകൾ ഉൾപ്പെടെയുള്ളവർ അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള നിരവധി സംഭവങ്ങൾ വർഷങ്ങളായി ആവർത്തിക്കപ്പെടുന്നു. ലൈംഗികാതിക്രമങ്ങളിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. സ്‌ത്രീ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന് പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിക്കണം. വർക്കലയ്ക്കുള്ളിൽ കർശനമായ നിരീക്ഷണ പ്രോട്ടോക്കോൾ നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ നിർദ്ദേശം നൽകണമെന്ന് നിരവധി സംഘടനകൾ ഇതിനോടകം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുള്ള ലൈംഗികാതിക്രമങ്ങൾ വ്യവസ്ഥാപരമായ പ്രശ്നത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതും ഗൗരവമായി കാണേണ്ടതുണ്ട്. അന്യസംസ്ഥാന ടൂറിസം ലോബികളുടെ പ്രവർത്തനവും വികസനത്തിന് വിലങ്ങ് തടിയാവുന്നുണ്ട്. വിനോദസഞ്ചാര മേഖലയാകെ ഡെയ്ഞ്ചർ സോണായി മാറിക്കഴിഞ്ഞു.

 സ്ത്രീ സുരക്ഷ ഉറപ്പാക്കണം

 പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിക്കണം

 ടൂറിസം പൊലീസ്

പാപനാശം തീരത്തും ക്ലിഫ് പ്രദേശത്തും ആയിരക്കണക്കിന് സഞ്ചാരികൾ ദിനവും എത്തുമ്പോഴും സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ളത് 2 പൊലീസുകാരെ മാത്രമാണ് .

 പരാതികൾ നിരവധി

സുരക്ഷാ നടപടികളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ടൂറിസം ഡയറക്ടർ, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് നിരവധി പരാതികളാണ് ടൂറിസം , പരിസ്ഥിതി സംരക്ഷണ സംഘടനകൾ നൽകിയിട്ടുള്ളത്.