k

കൊല്ലം: പരിചമുട്ട് മത്സരത്തിന് എത്തിയ പാലോട് നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസിലെ കുട്ടികൾ ആവേശത്തോടെ പറയുകയാണ്,​ 'ജിനേഷ് ചേട്ടനാണ് ഞങ്ങളുടെ ഹീറോ കലോത്സവത്തിൽ മാത്രമല്ല ജീവിതത്തിലും...' പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പരിചമുട്ടിന്റെ ഹയർ സെക്കണ്ടറി ടീമിലെ നായകനായ ജിനേഷ് റോൾമോഡലായും പരിചമുട്ടിലെ സംശയങ്ങൾ തീർക്കാനും അവർക്കൊപ്പമുണ്ട്.

ലോക്ഡൗൺ കാലത്ത് ചികിത്സിക്കാൻ പണമില്ലാതെ അച്ഛനും അമ്മയും മരണത്തിന് കീഴടങ്ങിയതോടെയാണ് 17കാരനായ ജിനേഷ് അനാഥനാകുന്നത്. അന്ന് മുതൽ പാലോട് ജവഹർ ഭവനിലെ ഒറ്റ മുറി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. പഠനവും കലയും ഒരുമിച്ച് കൊണ്ടുപോകാൻ തുടങ്ങി. ഉപജീവനത്തിന് കാറ്ററിംഗ് ജോലിയും കൂലിപ്പണിയും ചെയ്തു. ബാങ്ക് അക്കൗണ്ട് തുടങ്ങി പണവും സ്വരുക്കൂട്ടി. പാചകവും ഒറ്റയ്ക്ക് തന്നെ. സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഇക്കുറി മൂന്ന് ഇനങ്ങളിലാണ് ജിനേഷ് മത്സരിക്കുന്നത്. ദഫ് മുട്ടിനും മാപ്പിളപ്പാട്ടിനും എ ഗ്രേഡും നേടി. ആരെയും ആശ്രയിക്കാതെ പഠിച്ച് പൊലീസ് ആകണമെന്നാണ് ജിനേഷിന്റെ ആഗ്രഹം.

പരിമിതികളോട് പരിചമുട്ടുമ്പോൾ

നന്ദിയോട് സ്കൂളിലെ ഭൂരിഭാഗവും കുട്ടികളും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നാണ് വരുന്നത്. കൂലിപ്പണി ചെയ്തും റബ്ബർ പാലെടുത്തുമാണ് ഇവർ കുട്ടികൾക്ക് കലോത്സവത്തിനായുള്ള ചെലവ് കണ്ടെത്തുന്നത്. അദ്ധ്യാപകരായ അനീഷും രാഹുലും പിന്തുണയുമായി ഒപ്പമുണ്ട്.