തിരുവനന്തപുരം : വാടകയ്ക്ക് എടുത്ത് കാർകേടുപാട് വരുത്തിയത് ചോദ്യം ചെയ്ത ട്രാവൽസ് ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ പെരുമ്പഴുതൂർ മാമ്പഴക്കര ശാസ്താഭവൻ മാമ്പഴക്കര അനി എന്ന അനിൽകുമാറിനെയും മാറനല്ലൂർ വണ്ടന്നൂർ തെങ്ങുവിള വീട് സ്വദേശി മണിക്കുട്ടൻ എന്ന അനീഷിനെയും കോടതി അഞ്ച് വർഷം കഠിന തടവിനും 10,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. നാലാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് പ്രതികളെ ശിക്ഷിച്ചത്.
മലയിൻകീഴ് ഊരൂട്ടമ്പലം സ്വദേശി മിനിൽകുമാറിനെയാണ് പ്രതികൾ വധിക്കാൻ ശ്രമിച്ചത്. ഒരു കല്യാണത്തിന് പങ്കെടുത്ത ശേഷം മടങ്ങി വന്ന മിനിൽകുമാറിനെ പ്രതികൾ ഇരുചക്ര വാഹനം കൊണ്ട് തടഞ്ഞ് നിറുത്തിയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. 2014 ജനുവരി 19 ന് വൈകിട്ട് 6.30 നായിരുന്നു സംഭവം. സ്ഥിരം കുറ്റവാളികളായ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. പ്രവീൺകുമാർ ഹാജരായി.