
തിരുവനന്തപുരം: മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിച്ചതെന്ന് പെൻഷൻ ലഭിക്കാത്തതിന് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി പറഞ്ഞു. സേവ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ അവകാശ സംരക്ഷണ ധർണയിൽ പ്രസംഗിക്കുകയായിരുന്നു അവർ.
പിണറായിയുടേതല്ലാത്ത ഏതു പാർട്ടി വിളിച്ചാലും താൻ പോകും. അവകാശങ്ങൾക്കായാണ് സമരം ചെയ്തത്. സാമൂഹ്യക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല. താൻ രാവിലെ കോൺഗ്രസും രാത്രി ബി.ജെ.പിയുമാണെന്നാണ് സി.പി.എം പറയുന്നത്. അതെന്റെ പണിയല്ല. പാവപ്പെട്ടവർക്ക് പെൻഷൻ വേണം. താൻ സ്വർണക്കടത്തിനോ കള്ളക്കടത്തിനോ പോയിട്ടില്ല. പിണറായിയുടെ പൊലീസ് ജനങ്ങളെ മർദ്ദിക്കുന്നു. അവകാശങ്ങൾ ചോദിച്ചാൽ തല്ലിയോടിക്കും. പിണറായിയേക്കാളും സത്യസന്ധമായിട്ടാണ് ജീവിക്കുന്നത്. താൻ പ്രധാനമന്ത്രിയുടെ കൈയ്യിൽ പിടിച്ചതാണ് എല്ലാവർക്കും പ്രശ്നം. പ്രധാനമന്ത്രിയെ കാണാൻ പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മറിയക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന ചിത്രമുയർത്തി കാട്ടിയായിരുന്നു മറിയക്കുട്ടി മറുപടി പറഞ്ഞത്.
സേവ് കേരള ജനറൽ സെക്രട്ടറി കെ.എം.ഷാജി, ഡി.പി.ദാസൻ, അനീഷ് വില്ല്യം, ഡി.അനിൽകുമാർ, ജോൺ ബോസ്കോ, കെ.ബി.ഹരികുമാർ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.