
തിരുവനന്തപുരം: കസ്റ്റഡിക്കൊല, അഴിമതിക്കേസുകളിൽ കുറ്റപത്രത്തിനും പ്രോസിക്യൂഷനും അനുമതി നൽകാതെ സി.ബി.ഐയ്ക്ക് പൂട്ടിടുകയാണ് സംസ്ഥാന സർക്കാർ. തിരുവല്ലം സ്റ്റേഷനിലെ കസ്റ്റഡി മരണക്കേസിൽ സി.ഐയടക്കം മൂന്നു പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ രണ്ടാംവട്ടവും അനുമതി തേടിയിരിക്കുകയാണ്. സി.ബി.ഐയ്ക്ക് സ്വന്തംനിലയിൽ കേസെടുത്ത് അന്വേഷിക്കാൻ മുൻകൂറായി നൽകിയിരുന്ന പൊതുഅനുമതി സർക്കാർ പിൻവലിച്ചിരുന്നു. ലൈഫ്കോഴക്കേസിൽ കേസെടുത്തതിന് പിന്നാലെ മന്ത്രിസഭായോഗം ഈ അനുമതി പിൻവലിക്കുകയായിരുന്നു. ഓരോ കേസിനും അനുമതി തേടേണ്ട സ്ഥിതിയാണ്.
വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് അടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുള്ള അഴിമതികൾ പോലും അന്വേഷിക്കാൻ സി.ബി.ഐയ്ക്കാവുന്നില്ല. ദേശീയപാത നിർമ്മാണത്തിലെയും തോട്ടണ്ടി ഇറക്കുമതിയിലെയും അഴിമതി കേസുകളിലടക്കം കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയില്ല. നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലക്കേസിൽ ഒൻപത്പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് ഒടുവിൽ നൽകിയത്. പ്രധാന പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.
സംസ്ഥാനസർക്കാരിന്റെ ശുപാർശയുണ്ടെങ്കിലേ കേന്ദ്രത്തിന് സി.ബി.ഐയെ കേസന്വേഷണം ഏൽപ്പിക്കാനാവൂ. എന്നാൽ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുപ്രകാരം ഏതുകേസും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം.
കസ്റ്റഡിമരണം
സി.ബി.ഐയ്ക്ക്
സേനാ വിഭാഗങ്ങളുടെ കസ്റ്റഡിയിലിരിക്കെ മരണം സംഭവിച്ചാൽ അത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരിയാനയിലെ കസ്റ്റഡിമരണക്കേസിൽ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡി മരണക്കേസുകളെല്ലാം സി.ബി.ഐയ്ക്ക് കൈമാറാൻ 2019ൽ സർക്കാർ തീരുമാനിച്ചിരുന്നു.
102 കോടി
അഴിമതി നടന്ന മണ്ണുത്തി- അങ്കമാലി ദേശീയപാത നിർമ്മാണത്തിൽ എട്ട് എൻ.എച്ച് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകിയെങ്കിലും പ്രോസിക്യൂഷൻ അനുമതിയില്ല.
500 കോടി
തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കശുഅണ്ടി വികസന കോർപറേഷൻ മുൻ എം.ഡി, ചെയർമാനടക്കമുള്ളവർക്കെതിരെയും പ്രോസിക്യൂഷന് അനുമതിയില്ല
1.17കോടി
സ്വർണക്കടത്ത് കൈയോടെ പിടിച്ചെങ്കിലും കരിപ്പൂരിലെ 9 കസ്റ്റംസുകാർക്കടക്കമെതിരേ കേസെടുക്കാനുള്ള അനുമതി നൽകിയില്ല.
മറ്റു സംസ്ഥാനങ്ങളിലും
നിയന്ത്രണം
മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, ജാർഖണ്ഡ്, മിസോറാം, ഛത്തീസ്ഗഡ്, മേഘാലയ സംസ്ഥാനങ്ങളും സി.ബി.ഐയ്ക്കുള്ള പൊതുഅനുമതി പിൻവലിച്ചു. അവിടങ്ങളിൽ 173കേസുകളിൽ അന്വേഷണത്തിനുള്ള സി.ബി.ഐയുടെ അപേക്ഷ നിരസിക്കപ്പെട്ടു.