തിരുവനന്തപുരം: ഗുണ്ടാ പ്രവർത്തനത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിന് മദ്ധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ കൂടി കോടതി വെറുതെ വിട്ടു. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ആറ്റിപ്ര പുല്ലുകാട് സുധീഷിനെ (ബൗഡൻ സുധീഷ്) വെറുതെ വിട്ടത്.
ആറ്റിപ്ര മൺവിളകുന്നിൽ വീട്ടിൽ മുരളീധരൻ നായരെയാണ് സുധീഷ് അടക്കമുളള നാല് പ്രതികൾ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായ രാജേന്ദ്ര ബാബു ഇപ്പോഴും ഒളിവിലാണ്. മറ്റൊരു പ്രതിയായ ഷൈനുവിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. 2018ൽ കേസിൽ വിചാരണ ആരംഭിച്ചതിനു പിന്നാലെ സുധീഷും മറ്റൊരു പ്രതിയായ ഷിബുവും മുങ്ങി.
സൗദി അറേബ്യയിലേക്ക് മുങ്ങിയ സുധീഷിനെ പൊലീസ് തിരികെയെത്തിച്ചിരുന്നു. കൂടാതെ ഷിബുവിനെയും പൊലീസ് പിടികൂടി. നിലവിൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുകയാണ് ഷിബു.
പ്രതികൾ മുരളീധരൻ നായരെ വധിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികൾക്ക് എതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷനുണ്ടായ വീഴ്ചയാണ് സുധീഷിനെയും വെറുതെ വിടാൻ ഇടയാക്കിയത്. കഴക്കൂട്ടം സി.ഐ ആയിരുന്ന മുഹമ്മദ് ബാരിയാണ് കേസന്വേഷിച്ചത്.