
കാക്കിയുടെ ബലത്തിൽ ജനങ്ങളെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച് കൊലപ്പെടുത്തുന്ന പൊലീസിന്റെ കിരാത നടപടിക്ക് അറുതി വരുത്താൻ രംഗത്തിറങ്ങുകയാണ് സി.ബി.ഐ. തിരുവല്ലം സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ സുരേഷ് (40) മരണപ്പെട്ട കേസിൽ സി.ഐയടക്കം 3 പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിനോട് സി.ബി.ഐ അനുമതി തേടിയിരിക്കുകയാണ്. കസ്റ്റഡി മരണങ്ങളുണ്ടായാൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടുമെന്ന് സർക്കാർ നേരത്തേ തീരുമാനിച്ചതാണ്. തിരുവല്ലം കേസിൽ സി.ഐ സുരേഷ് വി.നായർ, എസ്ഐ ബിപിൻ പ്രകാശ്, ഗ്രേഡ് എസ്ഐ സജീവ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. ഇവരെ പ്രതിയാക്കി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. സർക്കാർ അനുമതിയില്ലാതെയായിരുന്നു ഇത്. സർക്കാർ അനുമതി ലഭിക്കാതെ എങ്ങനെ പ്രതി ചേർത്തെന്ന് ആരാഞ്ഞ് കോടതി റിപ്പോർട്ട് മടക്കി. തുടർന്നാണ്, സിബിഐ വീണ്ടും സർക്കാരിന്റെ അനുമതി തേടിയത്. ആദ്യവട്ടം അനുമതി തേടിയപ്പോൾ ആഭ്യന്തര വകുപ്പ് നൽകിയിരുന്നില്ല.
ഫോർട്ട് ഉരുട്ടിക്കൊല, നെടുങ്കണ്ടം കസ്റ്റഡിക്കൊല എന്നിവയ്ക്ക് സമാനമാണ് തിരുവല്ലം സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചത്. മൃതശരീരത്തിൽ 12ചതവുകൾ കണ്ടെത്തിയത് കസ്റ്റഡിമർദ്ദനത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ക്രൂരമായ പൊലീസ് മർദ്ദനത്താലുണ്ടായ ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്ന് ഒപ്പം കസ്റ്റഡിയിലുണ്ടായിരുന്നയാൾ വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡി മർദ്ദനമാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐയുടെ കണ്ടെത്തലുകൾ ഇങ്ങനെ- ദമ്പതിമാരെ ആക്രമിച്ചെന്ന പരാതിയിൽ സുരേഷിനെയും ഒപ്പമുണ്ടായിരുന്ന നാല് പേരെയും പിടികൂടിയപ്പോൾ തന്നെ പൊലീസ് മർദ്ദനം തുടങ്ങി. സുരേഷിനെ കാലിൽ അടിച്ച് ജീപ്പിലേക്ക് ഇടിച്ചു കയറ്റി. സ്റ്റേഷന് മുന്നിലിട്ടും അകത്തിട്ടും ക്രൂരമായി മർദ്ദിച്ചു. ലോക്കപ്പിൽ കുനിച്ച് നിറുത്തി മുതുകിൽ ഇടിച്ചു. സി.ഐ കഠിനമായ വ്യായാമ മുറകൾ ചെയ്യിച്ചു. 101 ഏത്തമിടീച്ചു. 50 തവളച്ചാട്ടവും 50 പുഷ്അപ്പും ചെയ്യിച്ചു, ചാടിക്കൊണ്ട് 50വട്ടം ഇൻക്വിലാബ് സിന്ദാബാദ് വിളിപ്പിച്ചു. മുട്ടുവളയാതെ 50വട്ടം കൈ നിലത്തു കുത്തിച്ചു.
സി.ഐ സുരേഷ് വി. നായരും ഗ്രേഡ് എസ്.ഐ സജീവും ക്രൂരമായി മർദ്ദിച്ചു. അവശനായ സുരേഷ് മൂന്നുവട്ടം ഛർദ്ദിക്കുകയും ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയും നെഞ്ചുവേദനയിൽ പുളയുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ല. സി.ഐയുടെ ജീപ്പ് സ്റ്റേഷനിലുണ്ടായിരുന്നിട്ടും ആശുപത്രിയിൽ എത്തിച്ചില്ല. മറ്റൊരു സ്വകാര്യ വാഹനം എത്തിച്ച് ഏറെ വൈകി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു.
ലാത്തികൊണ്ട് മർദ്ദിച്ചെന്നായിരുന്നു സുരേഷിനൊപ്പം ഉണ്ടായിരുന്നവരുടെ ആദ്യമൊഴി. പിന്നീട് സി.ഐയും പൊലീസുകാരും ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു. കള്ളമൊഴി വീഡിയോയിൽ റെക്കാർഡ് ചെയ്തു. പല കേസുകളിലും കുടുക്കുമെന്നും കസ്റ്റഡിയിൽ വാങ്ങി മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചത്. സുരേഷ് മരിച്ച ശേഷം സി.ഐ കാലുപിടിച്ചു. എത്ര ചെലവായാലും ജാമ്യത്തിലിറക്കാമെന്നും ജയിലിൽ കൊണ്ടുപോകാതെ ആശുപത്രിയിലാക്കാമെന്നും സി.ഐ പറഞ്ഞു.
സംസ്ഥാനത്തെ സേനാവിഭാഗങ്ങളുടെ കസ്റ്റഡിയിലിരിക്കെ മരണങ്ങളുണ്ടായാൽ അത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരിയാനയിലെ കസ്റ്റഡിമരണക്കേസിൽ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണക്കേസുകളെല്ലാം സി.ബി.ഐയ്ക്ക് കൈമാറാൻ 2019ൽ സർക്കാർ തീരുമാനിച്ചത്. നെടുങ്കണ്ടത്തെ രാജ്കുമാർ, പാവറട്ടിയിലെ രഞ്ജിത്ത്, തിരുവല്ലത്ത് സുരേഷ് എന്നിവരുടെ കസ്റ്റഡിമരണങ്ങൾ സി.ബി.ഐയ്ക്ക് വിട്ടിരുന്നു.
വിവാദമായ ഉരുട്ടിക്കൊലക്കേസിൽ ഉദയകുമാറിനെ ഫോർട്ട് സ്റ്റേഷനിൽ ഉരുട്ടിക്കൊന്ന ശേഷം വാഹനമിടിച്ചതാണെന്നും രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിലെ വിശ്രമമുറിയിൽ ക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയമാക്കി കൊന്നശേഷം ന്യൂമോണിയയാണെന്നും വരുത്തിതീർക്കാൻ പൊലീസ് ശ്രമിച്ചിരുന്നു.
ഈ കള്ളക്കളികളെല്ലാം സി.ബി.ഐ പൊളിച്ചടുക്കുകയാണ് പതിവ്. ഉദയകുമാറിനെ ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താൻ മൃതദേഹത്തിനെതിരേ മോഷണക്കേസെടുത്തശേഷം രേഖകൾ കത്തിച്ചുകളഞ്ഞും പണമൊഴുക്കി സാക്ഷികളെ കൂറുമാറ്റിയിട്ടും സി.ബി.ഐ സത്യംതെളിയിക്കുകയും രണ്ട് പൊലീസുകാർക്ക് വധശിക്ഷ കിട്ടുകയും ചെയ്തു. നെടുങ്കണ്ടത്ത് സി.സി.ടി.വി ഓഫാക്കിയിടുകയും ശാസ്ത്രീയതെളിവുകൾ കിട്ടാതിരിക്കാൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിക്കുകയും ചെയ്തു. മുറിവുകളെല്ലാം ഉൾപ്പെടുത്താതെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പോലും തിരിമറിയുണ്ടായെങ്കിലും 9പൊലീസുകാർക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകി. ഉരുട്ടിക്കൊലക്കേസിൽ സ്റ്റേഷനിലെ ജനറൽഡയറി തിരുത്തിയതും ഭീഷണിപ്പെടുത്തി സാക്ഷികളെ മൊഴിമാറ്റിച്ചതും കള്ളക്കേസെടുത്തതും സി.ബി.ഐ തെളിയിച്ചിരുന്നു. ഒരു പതിറ്റാണ്ടിനിടെ 20ലേറെപ്പേർ കസ്റ്റഡിയിൽ മരണപ്പെട്ടിട്ടുണ്ട്.
രാജൻ മുതൽ സുരേഷ് വരെ
രാജൻ
കോഴിക്കോട് എൻജിനിയറിംഗ് വിദ്യാർത്ഥി രാജനെ 1976മാർച്ച് ഒന്നിന് പൊലീസ് അറസ്റ്റ്ചെയ്തു. മൃതദേഹം പോലും കിട്ടിയില്ല. മർദ്ദിച്ചുകൊന്ന് പഞ്ചസാരയിട്ട് കത്തിച്ചെന്ന് ആരോപണം.
ഗോപി
ചേർത്തലയിലെ ഗോപി 1987ലാണ് കസ്റ്റഡിയിൽ മരിച്ചത്. പിതാവ് തങ്കപ്പന്റെ നിയമപോരാട്ടത്തിനൊടുവിൽ 20വർഷത്തിനുശേഷം പൊലീസുകാർക്ക് ശിക്ഷ.
ഉദയകുമാർ
2005ൽ ഉരുട്ടിക്കൊന്നശേഷം വാഹനാപകടമെന്നാണ് അമ്മയെ പൊലീസ് അറിയിച്ചത്. ഒരുതെളിവും ബാക്കിവയ്ക്കാതെ പൊലീസ് കുഴിച്ചുമൂടിയ കേസിൽ 13വർഷത്തിനുശേഷം സത്യംതെളിഞ്ഞു.
രാജേന്ദ്രൻ
കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ 2005ഏപ്രിൽ ആറിന് ചോദ്യംചെയ്യലിനിടെ മർദ്ദനമേറ്റ് മരിച്ചു. മോഷണക്കുറ്റമാരോപിച്ചാണ് പിടികൂടിയത്. രണ്ട് പൊലീസുകാർക്ക് ജീവപര്യന്തം കിട്ടി.
സമ്പത്ത്
പുത്തൂർ ഷീലാവധക്കേസിൽ കസ്റ്റഡിയിലിരിക്കേ 2010മാർച്ചിൽ മലമ്പുഴയിലെ കോട്ടേജിലെ മൂന്നാംമുറയിൽ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്യാൻ വാറണ്ടുവാങ്ങിയശേഷം രണ്ട്ഐ.പി.എസുകാരെ സി.ബി.ഐ ഒഴിവാക്കി. പൊലീസുദ്യോഗസ്ഥരെമാത്രം പ്രതിയാക്കി.
ശ്രീജീവ്
പൊലീസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ പാറശാലയിൽ കസ്റ്റഡിയിലെടുത്തു. 2014മേയിലാണ് മരിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന ഫ്യുരിഡാൻകഴിച്ചെന്ന് പൊലീസ്. സി.ബി.ഐ അന്വേഷിക്കുന്നു.
അബ്ദുൾ ലത്തീഫ്
ടയർമോഷണപരാതിയിൽ 2016ൽ വണ്ടൂർ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ലത്തീഫിനെ പിന്നീട് സ്റ്റേഷനിലെ ടോയ്‌ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാളിമുത്തു
മോഷണക്കേസിൽ തലശേരിപൊലീസ 2016ൽ കസ്റ്റഡിയിലെടുത്തു. രണ്ടുദിവസത്തിനുശേഷം ലോക്കപ്പിൽ മരിച്ചു. പൊലീസിന് കിട്ടുംമുൻപ് നാട്ടുകാർ മർദ്ദിച്ചതാണ് മരണകാരണമെന്ന് പൊലീസ്.
ശ്രീജിത്ത്
വാരാപ്പുഴയിൽ 2018ൽ ആളുമാറി സ്പെഷ്യൽസ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ബൂട്ടിന് ചവിട്ടേറ്റ് കുടൽമാല മുറിഞ്ഞാണ് കൊല്ലപ്പെട്ടത്. 11പൊലീസുകാർ പ്രതികൾ.
നവാസ്
മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് 2109ൽ മണർക്കാട് കസ്റ്റഡിയിലെടുത്തു. പിന്നാലെ ലോക്കപ്പിൽ മരിച്ചു. രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്ത് സംഭവം ഒതുക്കി.
രാജ്കുമാർ
സാമ്പത്തിക തട്ടിപ്പിൽ പിടികൂടി. ശരീരത്തിൽ 32മുറിവുകൾ. തുടകളിലെ പേശികൾ ചതഞ്ഞു. ഉരുളൻ തടികൊണ്ട് അമർത്തിയതിന്റെയും കുത്തിയതിന്റെയും പാടുകൾ. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥിതകർന്നു