
തിരുവനന്തപുരം: തടവുകാരുടെ ശിക്ഷ ഇളവു നൽകാൻ ഗവർണർക്ക് ശുപാർശ ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രിക്ക് പകരം മന്ത്രിസഭയ്ക്ക് നൽകിയുള്ള റൂൾസ് ഒഫ് ബിസിനസ് ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. കാര്യനിർവഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളിലെ 34(1), (2) വകുപ്പുകളിലാണ് ഭേദഗതി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണിത്. സർക്കാരിന്റെ ശിക്ഷയിളവ് ശുപാർശ ചെയ്യാനുള്ള അധികാരം ചട്ടപ്രകാരം മുഖ്യമന്ത്രിക്കാണെങ്കിലും മന്ത്രിസഭയിൽ വച്ച് അംഗീകരിക്കുകയാണ് കീഴ്‌വഴക്കം. എന്നാൽ മന്ത്രിസഭ അറിയാതെയുള്ള ശുപാർശ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടഭേദഗതി വന്നതോടെ, ശിക്ഷായിളവിന് ഗവർണറോട് മുഖ്യമന്ത്രിക്ക് നേരിട്ട് ശുപാർശ ചെയ്യാനാവില്ല. ആഭ്യന്തര വകുപ്പാണ് ചട്ടഭേദഗതിക്ക് ശുപാർശ നൽകിയത്.
സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലെ ജുഡീഷ്യൽ ഓഫീസർ തസ്തികകളുടെ പേരുമാറ്റാൻ കേരളാ ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ ശുപാർശയും ഗവർണർ അംഗീകരിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് തസ്തികകളുടെ പേരുമാറ്റുന്നത്. മുൻസിഫ്-മജിസ്‌ട്രേറ്റ്, സബ് ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുൻസിഫ്-മജിസ്‌ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) എന്നുമാണ് പേരുമാറ്റുക.
4തടവുകാരെ വിട്ടയച്ചു
മൂന്ന് ജയിലുകളിലെ 4തടവുകാരെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചു. ജിനേഷ് കുമാർ (തവനൂർ), ഷീലാ പീറ്റർ (വിയ്യൂർ), വിനു, സുരേന്ദ്രൻ (കണ്ണൂർ സെൻട്രൽ ജയിൽ) എന്നിവരെയാണ് വിട്ടയച്ചത്.