adithya

തിരുവനന്തപുരം:ഇന്ത്യയെ ലോകത്തിന് മുമ്പിൽ സൂര്യതേജസോടെ ഉയർത്തിക്കൊണ്ട് ഐ.എസ്.ആർ.ഒ.യുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എൽ.1 ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിലെത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെ പേടകത്തിലെ 22 ന്യൂട്ടൺ ശേഷിയുള്ള 8 ത്രസ്റ്ററുകൾ 200 സെക്കൻഡ് ജ്വലിപ്പിച്ചാണ് പേടകത്തെ കൃത്യമായി നീക്കിയത്. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ളാദവാർത്ത ലോകത്തെ അറിയിച്ചു.

ഭൂമിക്കും സൂര്യനും ഇടയിൽ, ഭൂമിയിൽ നിന്ന് 15ലക്ഷം കിലോമീറ്റർ അകലെ സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകാർഷണ വലയത്തിലാകാതെ നിൽക്കാവുന്ന പോയിന്റാണിത്. അമേരിക്കയിൽ നിന്ന് നാസയും ഫ്രാൻസിൽ നിന്ന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയും നിർണ്ണായക ദൗത്യത്തിന് പിന്തുണ നൽകി. മണിക്കൂറുകൾക്കുള്ളിൽ ഹാലോ ഭ്രമണപഥത്തിൽ നിന്ന് ആദിത്യയുടെ സന്ദേശം ബംഗളൂരുവിലെ ടെലിമെട്രി കേന്ദ്രത്തിലെത്തി. പിന്നാലെ, കണക്കുകൂട്ടലുകൾ ശരിയായെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥ് അറിയിച്ചു.

സൂര്യനെ തടസ്സമില്ലാതെ അഞ്ച് വർഷവും നിരീക്ഷിക്കാമെന്നതാണ് ലഗ്രാഞ്ച് പോയിന്റിന്റെ പ്രത്യേകത. ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് സൂര്യന്റെ പ്രകാശവും ആകർഷണവും സൂര്യകിരണങ്ങളിലെ നിഗൂഢതകളും ആദിത്യ അറിയും. ബഹിരാകാശ ഉപഗ്രഹങ്ങളെ അപകടപ്പെടുത്തുന്ന കാലാവസ്ഥാമാറ്റങ്ങൾ, വാർത്താവിനിമയത്തെ ബാധിക്കുന്ന സൗരവാതങ്ങൾ, ഭൂമിയിൽ സൂര്യനുണ്ടാക്കുന്ന മാറ്റങ്ങൾ, സൂര്യനിലെ മാറ്റങ്ങൾ ഇങ്ങനെ നിരവധി വിവരങ്ങൾക്കായി ലോകം ആദിത്യയിലേക്ക് കാതോർക്കുകയാണ്. വൈകാതെ ആദിത്യയിലെ ഏഴ് ഉപകരണങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കും.

ഇനിയും മൂന്ന് വെല്ലുവിളികൾ

1 രണ്ടു ലക്ഷം കിലോമീറ്റർ വീതിയിലും 7 ലക്ഷം കിലോമീറ്റർ നീളത്തിലും ഒരുലക്ഷം കിലോമീറ്റർ ഉയരത്തിലും ഉള്ള ത്രിമാന ഹാലോ ഭ്രമണപഥത്തിൽ നിലനിറുത്തണം. 2.സൂര്യന്റെ ആകർഷണത്തിൽ പെടാതെ നോക്കണം.

3.യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ പരാജയപ്പെട്ട എസ്.ഒ.എച്ച്.ഒ.പേടകം നിയന്ത്രണമില്ലാതെ ലഗ്രാഞ്ചിൽ കറങ്ങിനടക്കുന്നുണ്ട്. അതിലിടിക്കരുത്

സൂര്യന് മുന്നിൽ ഇന്ത്യ നാലാമൻ

സൗരദൗത്യത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ജപ്പാൻ, അമേരിക്ക,യൂറോപ്പ് എന്നിവയാണ് മറ്റ് രാജ്യങ്ങൾ.1981ൽ ജപ്പാനാണ് ആദ്യം സൂര്യനിലേക്ക് പേടകമയച്ചത്. ഭൂമിയിൽ നിന്ന് 15കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. 2021 ഡിസംബറിൽ നാസയുടെ പാർക്കർ സോളാർ പ്രോബാണ് ഏറ്റവും അടുത്തെത്തിയത്. അത് 78ലക്ഷം കിലോമീറ്റർ വരെ അടുത്തെത്തി സൂര്യന്റെ ബാഹ്യഭാഗമായ കൊറോണയിലൂടെ പറന്നു. ആദിത്യ എത്തിയ ലഗ്രാഞ്ച് പോയിന്റ് സൂര്യനിൽ നിന്ന്14.85കോടി കിലോമീറ്റർ അകലെയാണ്. ഇവിടെ നാസയുടെ "വിൻഡ് എ.സി.ഇ" പേടകവും ഉണ്ട്. ലഗ്രാഞ്ച് പോയിന്റിൽ വിജയകരമായി എത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

"ഇന്ത്യൻ ശാസ്ത്രജ്ഞർ മഹത്തായ ഒരുചുവടുകൂടി മുന്നേറി. മുഴുവൻ മാനവരാശിക്കും പ്രയോജനകരമായ നേട്ടമാണിത്."

--ദ്രൗപതി മുർമു,രാഷ്ട്രപതി.

"ഇന്ത്യ പുതിയൊരു നാഴികകല്ലു കൂടി പിന്നിട്ടു. അതിസങ്കീർണമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അർപ്പണബോധത്തിന്റെ തെളിവാണ് ആദിത്യ വിജയം"

--പ്രധാനമന്ത്രി നരേന്ദ്രമോദി

"കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു. ആദിത്യ ഹാലോ ഭ്രമണപഥത്തിലെത്തി. നിരവധി സുപ്രധാന ശാസ്ത്രനേട്ടങ്ങളും വിവരങ്ങളും കാത്തിരിക്കുന്നു"

--എസ്.സോമനാഥ്,ഐ.എസ്.ആർ.ഒ.ചെയർമാൻ

ആദിത്യ എൽ.1

ഭാരം 1475 കിലോഗ്രാം

കാലാവധി 5 വർഷം

ചെലവ് 400കോടി രൂപ

 ഒറ്റഭ്രമണം : 177.86ദിവസം

ഉപകരണങ്ങൾ 7

നാൾ വഴികൾ

ജനുവരി 6 ലഗ്രാഞ്ച് പോയന്റിലെത്തി

ഡിസംബർ 8 പ്ളാസ്‌മ അനലൈസർ പ്രവർത്തിച്ചു

ഡിസംബർ 1,സൗരവാത സ്‌പെക്ട്രോമീറ്റർ പ്രവർത്തിച്ചു

നവംബർ 7. എക്സ്റേ തരംഗങ്ങളുടെ വിലയിരുത്തൽ.

സെപ്തംബർ 30 ഭൂമിയുമായുള്ള ബന്ധം വിട്ട് കുതിപ്പ്.

സെപ്തംബർ 19, ശാസ്ത്രവിവരങ്ങൾ കൈമാറി തുടങ്ങി.

സെപ്തംബർ 3,5,10,18 ഭ്രമണപഥം ഉയർത്തി

സെപ്തംബർ 2 ശ്രീഹരിക്കോട്ടയിൽ വിക്ഷേപണം