
കൊല്ലം: 2003 ജനുവരി അഞ്ചിനായിരുന്നു മുത്തങ്ങയിൽ നിലവിളികളുയർന്നത്. 21 വർഷത്തിനു ശേഷം വീണ്ടുമൊരു ജനുവരി അഞ്ചിന് മുത്തങ്ങ സംഭവം സംസ്ഥാന കലോത്സവത്തിന്റെ നാടക വേദിയിലെത്തിച്ച് ചരിത്രത്തെ ഓർമ്മപ്പെടുത്തുകയായിരുന്നു തിരുവനന്തപുരം കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ കുട്ടികൾ.
മുത്തങ്ങ സംഭവത്തെ ആധാരമാക്കി പി.വി.ഷാജികുമാർ എഴുതിയ ചെറുകഥ 'ആസാധു'വിനെ ആസ്പദമാക്കി നാടകമൊരുക്കിയത് ജിനേഷ് ആമ്പല്ലൂരാണ്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ ആദിവാസി സമരചരിത്രം ആരംഭിക്കുന്നത് മുത്തങ്ങയിൽനിന്നാണ്. അന്ന് അവിടെ ഉച്ചത്തിലുയർന്നു കേട്ട പോരാട്ടത്തിന്റെ ശബ്ദങ്ങൾ ഇന്നെവിടെയെന്ന ചോദ്യമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം വലതുപക്ഷത്തിന്റെ റിസോർട്ട് രാഷ്ട്രീയത്തെയും നാടകം ചോദ്യംചെയ്യുന്നു. വരദൻ എന്ന ദളിതനായ ചെറുപ്പക്കാരൻ അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെയാണ് നാടകം മുന്നോട്ടു പോകുന്നത്.
പവിത്ര ബി.രവീന്ദ്രൻ, നസ്ല ഫാത്തിമ, നിൻഷാന, സ്‌നേഹ, നിധി, ശിവാനി, ദിയ എന്നിവരാണ് 'ആസാധു'വിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയത്. വിദ്യ, പദ്മപ്രിയ, നിള എന്നീ വിദ്യാർഥിനികളാണ് അണിയറയിലെ സാന്നിദ്ധ്യം. മിഥുൻ മലയാളമാണ് സംഗീതമൊരുക്കിയത്.
കഴിഞ്ഞ വർഷവും കാർമ്മൽ സ്‌കൂളിന് ഹയർ സെക്കൻഡറി വിഭാഗം നാടകമത്സരത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.