d

ഇന്ന് മെൽവിൻ ജോൺസ് ദിനം

അംഗസംഖ്യയും പ്രവർത്തന വിപുലതയും കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന സംഘടനയാണ് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ. സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജന്മദിനമായ ഇന്ന് മെൽവിൻ ജോൺസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. 'ജീവകാരുണ്യ തത്പരനല്ലാത്ത, സ്വാർത്ഥനായ ഒരു വ്യക്തിയെ സാമൂഹ്യനന്മയ്ക്കായി പ്രവർത്തിക്കുന്ന സമൂഹം മാനിക്കുന്ന ഒരു വ്യക്തിയാക്കി മാറ്റിയെടുക്കുക എന്നത് ലയൺസ് ക്ളബുകളെ സംബന്ധിച്ചിടത്തോളം അസാധാരണമായ കാര്യമല്ല." ലയൺസ് പ്രസ്ഥാത്തെക്കുറിച്ച് മെൽവിൻ ജോൺസന്റെ വാക്കുകളാണിത്.

ബിസിനസ് ക്ളബുകൾ സാമ്പത്തിക നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ സഹജീവികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രവർത്തിക്കണമെന്ന മെൽവിൻ ജോൺസിന്റെ ആശയമാണ് 1917ൽ ലയൺസ് ക്ളബ്സ് ഇന്റർനാഷണലിന്റെ രൂപീകരണത്തിനിടയാക്കിയത്. ലോകമെമ്പാടും 200 രാജ്യങ്ങളിൽ 49,374 ക്ളബുകളിലായി 13,82,901 അംഗങ്ങൾ ഈ പ്രസ്ഥാനത്തിനുണ്ട്.

ഓരോ ലയൺസ് ക്ളബും തങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തെ സേവന പ്രവർത്തനങ്ങൾ പൊതുജനങ്ങളുമായി ചർച്ചചെയ്ത് ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ മുൻഗണനാക്രമം നിശ്ചയിച്ച് നടപ്പിലാക്കുന്നു. ക്ളബുകൾ തന്നെ ഈ പദ്ധതികളും പരിപാടികളും നടപ്പിലാക്കാനുള്ള പണം സ്വരൂപിക്കുന്നു. വലിയ പ്രോജക്ടുകൾ നടപ്പിലാക്കാനാവശ്യമായ ധനസഹായം ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ (എൽ.സി.ഐ.എഫ്) എന്ന സംഘടനയുടെ സാമ്പത്തികസഹായ സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിൽ വെള്ളപ്പൊക്കവും മറ്റു പ്രകൃതിക്ഷോഭ കെടുതികളും ഉണ്ടാവുമ്പോഴെല്ലാം ഉടനടി സഹായഹസ്തവുമായി എൽ.സി.ഐ.എഫ് എത്താറുണ്ട്. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന ലയൺസ് ക്ളബുകൾ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഇത്.

1925ൽ ഹെലൻ കെല്ലർ അന്ധതാനിവാരണത്തിന് സഹായം അഭ്യർത്ഥിച്ചതു മുതൽ അന്ധതാനിവാരണ പ്രവർത്തനങ്ങൾക്ക് ഈ പ്രസ്ഥാനം വലിയ പ്രധാനം നൽകിവരുന്നു. ഒഴിവാക്കാനാവുന്ന അന്ധത, കാഴ്ചവൈകല്യം എന്നിവ കുറയ്ക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് കാഴ്ചശക്തി എന്ന മേഖലയിലെ പ്രവർത്തനങ്ങൾ.

കൂടാതെ പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യദൗർലഭ്യം, വയോധികരുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണം തുടങ്ങിയ വിവിധ മേഖലകൾക്ക് വർഷങ്ങളായി പ്രാധാന്യം നൽകിവരുന്നു. ഇപ്പോൾ ആഗോളതലത്തിൽ പ്രാധാന്യം സേവന മേഖലകൾ, പ്രമേഹം, കാഴ്ചശക്തി, വിശപ്പ്, പരിസ്ഥിതി, കുട്ടികളിലെ ക്യാൻസർ, യുവാക്കൾ എന്നിവയാണ്.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ലയൺസ് ഭവനിലെ വയോജനങ്ങൾക്ക് വേണ്ട ചികിത്സാകേന്ദ്രം, മറവിരോഗികളെ പാർപ്പിക്കുന്ന കേന്ദ്രം, പഠനവൈകല്യമുള്ള കുട്ടികളുടെ രോഗനിർണയത്തിനായുള്ള ഐക്കോൺസ് ഓഡിയോളജി ആൻഡ് സ്പീച്ച് പാത്തോളജി ലബോറട്ടറി, മൈക്രോ എന്റർപ്രൈസ് ഡെവല പ് മെന്റ് പ്രോഗ്രാം, പിരപ്പൻകോട് സെന്റ് ജോൺസ് ഹോസ്‌പിറ്റൽ, അഞ്ചൽ സെന്റ് ജോസഫ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലയൺസ് ഡയാലിസിസ് സെന്ററുകൾ, തിരുവനന്തപുരത്ത് ശ്രീരാമകൃഷ്ണ ആശ്രമം ചാരിറ്റബിൾ ഹോസ്‌പിറ്റലിൽ പ്രവർത്തിക്കുന്ന ലയൺസ് ബ്ളഡ് ബാങ്കും മൊബൈൽ ബ്ളഡ് കളക്ഷൻ വാഹനവും കൊല്ലത്തെ ലയൺസ് ബിസിനസ് സ്കൂൾ എന്നിവ എൽ.സി.ഐ.എഫ് ധനസഹായത്തോടെ സ്ഥാപിതമായ പ്രോജക്ടുകളാണ്.

ഈ പ്രോജക്ടുകളിൽനിന്നുള്ള എല്ലാ സേവനങ്ങളും സൗജന്യമായിയാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

അമേരിക്കയിലെ അരിസോണയിൽ മെൽവിൻ ജോൺസ് ജനിച്ച ഫോട്ട് തോമസിൽ പണിതുയർത്തിയിട്ടുള്ള സ്‌തൂപത്തിന് മുമ്പിൽ ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവരെല്ലാം 'ഞങ്ങൾ സേവനം തുടരും" എന്ന് പ്രതിജ്ഞ എടുത്തിട്ടാണ് അവിടം വിടുന്നത്.