ധനുമാസ രാത്രിക്ക് പതിവ് കുളിരില്ലെങ്കിലും കൊല്ലത്തുകാർ
കഴിഞ്ഞ മൂന്നു നാളായി ധനുരാത്രികൾ ആഘോഷിക്കുകയാണ്. പാട്ടും നൃത്തവും ആസ്വദിച്ചുള്ള ആഘോഷം. ആരവങ്ങളോടൊപ്പം അലിഞ്ഞു ചേർന്നുള്ള ആഘോഷം. ഉറങ്ങാതുള്ള ആഘോഷം ഇവിടത്തുകാർക്ക് പതിവുള്ളതല്ല. രാത്രി ഒൻപത് കഴിഞ്ഞാൽ പിന്നെ പ്രധാന ജംഗ്ഷനുകളിൽ പോലും ആളനക്കം കുറയും. കലോത്സവത്തിന് വേദികൾ ഉണർന്നതിൽ പിന്നെ നഗരം ഉറങ്ങിയിട്ടില്ല.
ആശ്രാമം മൈതാനത്തിലെ പ്രധാനവേദിയിൽ മത്സരം രാവിലെ ആരംഭിക്കുമ്പോൾ നിറഞ്ഞ സദസുണ്ടാകാറില്ല. ഏറെയും വിദ്യാർത്ഥികളും രക്ഷിതാക്കളുമൊക്കെയായിരിക്കും. ഉച്ച കഴിയുമ്പോഴേക്കും സീൻ മാറും. സദസ് നിറഞ്ഞ് കവിയും എല്ലാവരും എത്തുന്നത് വിത്ത് ഫാമിലി. ആദ്യ ദിനം രാത്രി സംഘനൃത്തം, പിന്നെ ഒപ്പന, ഇന്നലെ തിരുവാതിര... കണ്ടു മടുക്കാതെ കണ്ണടയ്ക്കാതെ ആസ്വദിക്കുകയാണ് സീനിയേഴ്സും ജൂനിയേഴ്സുമെല്ലാം. എന്താ വൈബ്!
അഞ്ചിന് ആരംഭിച്ച രാവിലെ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം നാടകം അവസാനിച്ചത് ഇന്നലെ പുലർച്ചെ. ഉറക്കം കളഞ്ഞ് ആസ്വദിക്കാൻ കൊല്ലത്തുകാർ മാത്രമായിരുന്നില്ല, തൃശൂരുനിന്നും കോഴിക്കോടുനിന്നുമൊക്കെ ആസ്വാദകരെത്തി. ഒ.മാധവന്റെ സ്മൃതി നിറയുന്ന സോപാനം ഓഡിറ്റോറിേയത്തിൽ ഇന്ന് ഹൈസ്കൂൾ വിഭാഗത്തിന്റെ നാടക മത്സരവും കഴിയുമ്പോൾ നേരം പുലരും. ഇന്നലെ വൈകിട്ട് ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയും ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ടും ആസ്വദിക്കാൻ കുടുംബസമേതമാണ് കൊല്ലത്തുകാരെത്തിയത്.
പട്ടണത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്താണ് 13-ാം നമ്പർ വേദി. ക്ഷേത്രത്തിലെത്തുന്നവർക്ക് രണ്ടാണ് നേട്ടം. കണ്ണന്റെ അനുഗ്രഹവും തേടാം പുറത്തിറങ്ങി ചെണ്ടമേളവും ആസ്വദിക്കാം. കഴിഞ്ഞ രണ്ടു ദിവസവും ചെണ്ടമേള മത്സരമായിരുന്നു ഇവിടെ. ഇന്ന് കഥകളി സംഗീത മത്സരമാണ്.
ഹോട്ടലുകളിലെ ഷട്ടറുകളും രാത്രി വൈകിയേ താഴാറുള്ളൂ. തട്ടുകടകളും ഉഷാർ. ചേട്ടാ ഒരും സിംഗിൾ ഓംലെറ്റ്. മുട്ട തട്ടിയുടച്ച് മുളകും ഉള്ളിയും ചേർത്തടിച്ച് എണ്ണ തേച്ച ചുടുകല്ലിലേക്ക് ഒഴിക്കുന്നതിനിടയിൽ പയ്യന്റെ ചോദ്യം. ഒപ്പന കണ്ടില്ലേ? അഡാർ പെർഫോമൻസായിരുന്നു!!