തിരുവനന്തപുരം: നഗരത്തിൽ ജനത്തിന്റെ കുടിവെള്ളം മുട്ടിച്ച് നഗരഹൃദയത്തിൽ വീണ്ടും പൈപ്പ് പൊട്ടി. പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുൻവശത്ത് സ്മാർട്ട് റോഡിന്റെ ജോലികൾക്കിടെയാണ് പൊട്ടിയത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് പൈപ്പ് പൊട്ടിയത്.അയ്യങ്കാളി ഹാൾ റോഡിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ പണികൾക്കിടെ കുഴിയെടുത്തപ്പോഴാണ് ജെ.സി.ബിയുടെ യന്ത്രക്കൈ തട്ടി പൈപ്പ് പൊട്ടിയത്. ജനറൽ ആശുപത്രി,വഞ്ചിയൂർ,​ശംഖുംമുഖം ഭാഗത്തേക്കുള്ള 350 എം.എം കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടിയത്.ഇടിയുടെ ആഘാതത്തിൽ പൈപ്പിന്റെ ഒന്നര മീറ്ററോളം ഭാഗം തകർന്നു.പൈപ്പ് പൊട്ടിയതോടെ വെള്ളം കുത്തിയൊലിച്ചു. ഇതോടെ വാട്ടർ അതോറിട്ടി അധികൃതരെത്തി പ്രധാന ലൈൻ വഴിയുള്ള ജലവിതരണം അടച്ചു.

പാളയം,എം.ജി റോഡ്, സ്റ്റാച്യു, സെക്രട്ടേറിയറ്റ്, തമ്പാനൂർ, ആയുർവേദ കോളേജ്, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ,പാറ്റൂർ,പേട്ട,പാൽകുളങ്ങര,ആനയറ,ചാക്ക, ആൾ സെയിന്റ്സ്, വെട്ടുകാട്,ശംഖുംമുഖം പ്രദേശങ്ങളിൽ ഇന്നലെ രാവിലെ മുതൽ കുടിവെള്ളം മുട്ടി. അപ്രതീക്ഷിതമായി കുടിവെള്ളം മുടങ്ങിയത് നഗരവാസികളെ വലച്ചു. രാവിലെ ഉണർന്നപ്പോഴാണ് കുടിവെള്ളമില്ലെന്ന വിവരം ജനം അറിഞ്ഞത്. കുറച്ചുസമയത്തേക്ക് മറ്റൊരു ലൈനിൽ നിന്ന് ജലം വിതരണം ചെയ്തതിനാൽ ചിലടയിടങ്ങളിൽ വെള്ളത്തിന് ക്ഷാമമുണ്ടായില്ല. എന്നാൽ ഉച്ചയോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.

ഇന്നലെ രാവിലെ തന്നെ വാട്ടർ അതോറിട്ടി അധികൃതർ അറ്റകുറ്റ പണി തുടങ്ങി.ഇന്ന് രാവിലെ 10 മണിയോടെ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് വാട്ടർ അതോറിട്ടി പി.എച്ച്.ഡിവിഷൻ നോർത്ത് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.താഴ്ന്ന പ്രദേശങ്ങളിൽ വൈകിട്ടോടെ കുടിവെള്ള വിതരണം പൂർവ്വ സ്ഥിതിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ പിന്നെയും വൈകും.

അതേസമയം, നഗരത്തിന്റെ പലഭാഗത്തും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. കരിക്കകം വായനശാല ലൈൻ, ശ്രീകാര്യം,ചെറുവയ്ക്കൽ,പ്രശാന്ത് നഗർ,പോങ്ങുംമൂട്,വെയിലൂർക്കോണം.ലയോള കോളേജ് തുടങ്ങിയ ഇടങ്ങളിൽ അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിട്ടും വാട്ടർ അതോറിട്ടി തിരഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ

പാളയം,എംജി.റോഡ്, സ്റ്റാച്യു,സെക്രട്ടേറിയറ്റ്,തമ്പാനൂർ,ആയുർവേദ കോളേജ്,ജനറൽ ഹോസ്‌പിറ്റൽ,വഞ്ചിയൂർ,പാറ്റൂർ,പേട്ട,പാൽകുളങ്ങര,ആനയറ,ചാക്ക, ആൾ സെയിന്റ്സ്, വെട്ടുകാട്, ശംഖുംമുഖം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 വരെ ജലവിതരണം മുടങ്ങും.