തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഒൗദ്യോഗികാവശ്യങ്ങൾക്ക് വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്കാണ് യാത്രാബത്ത നൽകുക. അതിൽ തന്നെ 77,​200 -1,​40,​500 രൂപ ശമ്പള സ്കെയിലുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥർക്കും അഖിലേന്ത്യാസർവ്വീസ് ഉദ്യോഗസ്ഥർക്കും എക്സിക്യൂട്ടീവ് ചെയർകാറിലും അതിൽ താഴെ ശമ്പളസ്കെയിലുള്ളവർക്ക് ചെയർകാറിലും യാത്രാബത്ത നൽകും. മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് യാത്രാ ബത്ത അനുവദിക്കില്ല. വന്ദേഭാരതിൽ ട്രാവൽ ഇൻഷുറൻസ് പ്രീമിയം,ഭക്ഷണത്തിനുള്ള കാറ്ററിംഗ് ചാർജ്ജ് എന്നിവ സർക്കാർ നൽകില്ലെന്നും ഉത്തരവിലുണ്ട്.