
കൊല്ലം: പൊക്കക്കുറവ് മൂലം കലോത്സവ വേദികൾ അന്യമായ ഷീബയുടെ മധുരപ്രതികാരമാണിത്. വിധികർത്താക്കൾ വരെ ചലിക്കണമെങ്കിൽ ഷീബ പറയണം. സ്കൂൾ കലോത്സവത്തിന്റെ ഒൻപതാം വേദിയായ ഗവ.ഹൈസ്കൂളിൽ വിധികർത്താക്കൾക്ക് പുറത്ത് നിന്ന് സ്വാധീനം വരുന്നില്ലെന്ന് ഉറപ്പാക്കി കലോത്സവത്തിൽ സുതാര്യത കൊണ്ടു വരുന്നതാണ് ഷീബയുടെ ഡ്യൂട്ടി. വിധികർത്താക്കളെ വേദിയിലേക്ക് എത്തിക്കുന്നതിന് മുതൽ മേശ പിടിച്ച് ഇടുന്നതിനു വരെ ഷീബയുടെ കരമെത്തും.
തിരുവനന്തപുരം ഡി.പി.ഐയിലെ ഡയറക്ടർ ഓഫീസിൽ നിന്നാണ് കലോത്സവ ഡ്യൂട്ടിക്കെത്തിയത്. ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ കുട്ടികൾ വിഷമിക്കുമ്പോൾ ചേർത്തുപിടിച്ച് ഷീബ പറയും ' തളരരുത് ,ഇതൊന്നും ഒരു പ്രശ്നമേ അല്ല..'
വയനാടിലെ പടിഞ്ഞാറത്തറയിലായിരുന്നു ജനനം. രണ്ടാംവയസിൽ അമ്മയെ നഷ്ടപ്പെട്ടു. വളർച്ചയില്ലാത്ത കുഞ്ഞിനെ നോക്കാൻ വയ്യെന്ന് പറഞ്ഞ് അച്ഛൻ ഉപേക്ഷിച്ച് പോയതോടെ ബാല്യം ഇരുട്ടിലായി. പിന്നെ അമ്മാവന്റെ തണലിലായിരുന്നു പഠനം. നാടോടിഗാനങ്ങൾ പാടാനും നൃത്തം ചെയ്യാനും മിടുക്കിയായിരുന്നെങ്കിലും കലോത്സവം വിദൂരസ്വപ്നമായി. 2005ൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഓഫീസ് അറ്റെൻഡൻഡറായി. തുടർച്ചയായി ആറുവർഷമായി കലോത്സവ ഡ്യൂട്ടിക്ക് എത്തുന്നുണ്ട്.
സമരമുഖത്തെ പ്രണയം
2004ൽ സെക്രട്ടറിയേറ്റ് പടിക്കൽ ഭിന്നശേഷിക്കാരുടെ സമരത്തിന് വന്നപ്പോഴാണ് മിമിക്രി കലാകാരനായ ജയകുമാറിനെ പരിചയപ്പെടുന്നത്. വീട്ടുകാർ അനുവദിച്ചതോടെ വിവാഹം കഴിച്ച് ജയകുമാറിന്റെ നാടായ വെള്ളനാടിലേയ്ക്ക് വണ്ടികയറി. ജയകുമാർ സിനിമയിലും താരമാണ്. ഇപ്പോൾ ഭർത്താവുമായി ഗാനമേളകളിലും പങ്കെടുക്കുന്നുണ്ട്. ഷീബ അമ്പലങ്ങളിൽ തിരുവാതിര സംഘത്തിനും നേതൃത്വം നൽകുന്നുണ്ട്. മക്കളായ മൂന്നാം ക്ലാസുകാരി ദിയയും ഡിഗ്രി വിദ്യാർത്ഥി ധ്വനിയും നൃത്തം അഭ്യസിക്കുന്നുണ്ട്. പട്ടത്താണ് താമസം.