
ഉദിയൻകുളങ്ങര : ദേശീയപാത വികസനമെന്നത് പാറശാലക്കാരുടെയും സ്വപ്നമായിരുന്നു. എന്നാൽ ദേശീയപാതയിൽ ഉടനീളമുള്ള അപകടക്കുഴികളും ദിശ തെറ്റിക്കുന്ന ബോർഡുകളും കണ്ട് രോഷാകുലരാണിന്ന് ഇവിടെയുള്ള ഒരു കൂട്ടം ജനത. പ്രഖ്യാപനങ്ങളെന്നും ചുവപ്പ് നാടകളിൽ കുരുങ്ങുമ്പോൾ ജാതി മതഭേദമന്യേ ഇവിടുത്തുകാർ പ്രാർത്ഥിക്കുന്നത് ഒന്നു മാത്രം, റോഡപകടങ്ങളിൽപ്പെട്ട് ഒരു ജീവനും പൊലിയരുതേയെന്ന്. അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുമ്പോഴും പ്രതിഷേധിക്കനോ പ്രതികൂലിക്കാനോ പാറശാലക്കാർക്ക് കഴിയുന്നില്ല. പാത വികസിച്ചിട്ടില്ലെങ്കിലും പാറശാലക്കാരുടെ നിരന്തരമായുള്ള ഇടപെടലിനെത്തുടർന്ന് ആയിരക്കണക്കിന് വരുന്ന ദേശീയപാതയിലെ കുഴികളടച്ച് പൊതുമരാമത്ത് വകുപ്പ് പേര് നേടി. എന്നാൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിസിറ്റി, ടെലിഫോൺ പോസ്റ്റുകൾ അപകടങ്ങളുടെ എണ്ണം കൂട്ടി. അധികൃതർ എന്തൊക്കെയോ ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ഇവിടത്തെ അശാസ്ത്രീയ സിഗ്നലുകൾ മൂലം ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. റോഡ് മുറിച്ചു കടക്കവെ ഒരു വയോധികൻ മരണപ്പെട്ടത് അടുത്തിടെയാണ്. സുരക്ഷാ വീഴ്ച കാരണം അപകടങ്ങൾ തുടർക്കഥയായിട്ടും അപകടകാരണമെന്തെന്ന് പരിശോധിക്കാൻ അധികൃതർ തയാറാവാത്തത് രാഷ്ട്രീയ ലാഭങ്ങൾ ലക്ഷ്യമിട്ടാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. പാറശാല താലൂക്ക് ആശുപത്രിയിലേക്ക് തിരിയേണ്ട പ്രധാന സ്ഥലത്ത് യഥാസ്ഥിതി സിഗ്നലുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
അപകടങ്ങൾക്ക് അനവധി കാരണങ്ങൾ
പോസ്റ്റുകൾക്ക് പുറമെ റോഡുകൾ കൈയേറിയുള്ള രാഷ്ട്രീയക്കാരുടെയും മറ്റ് സാമുദായിക പ്രവർത്തകരുടെയും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളും പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. രാഷ്ട്രീയ സാമുദായിക നേട്ടങ്ങൾക്കായി പൊതുജനത്തെ ചിലർ ബലിയാടാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ വേണ്ടത്ര തെരുവു വിളക്കുകൾ ഇവിടെയില്ല. ദേശീയപാതയിലെ യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നതിനെക്കുറിച്ച് ജനപ്രതിനിധികളുൾപ്പെടെയുള്ളവർ മൗനം പാലിക്കുകയാണ്. ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയാറായില്ലെങ്കിൽ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ട് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.