
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്നേദിവസം കേരളത്തിൽ എന്ത് ആഘോഷമാണ് നടത്താൻ പോകുന്നതെന്ന് നേതാക്കൾ വിശദീകരിക്കണം.
വിഷയത്തിൽ മുസ്ലിം ലീഗിനെയാണോ പി.എഫ്.ഐയെയാണോ സമസ്തയെയാണോ കോൺഗ്രസ് പേടിക്കുന്നത്. രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ബി.ജെ.പി വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കും. എല്ലാ ക്ഷേത്ര പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിളക്ക് തെളിക്കും.
പോപ്പുലർ ഫ്രണ്ടിന്റെ അടുത്തയാളാണ് ടി.എൻ. പ്രതാപൻ. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനാണ്. ജാമിയ മിലിയ ഗൂഢാലോചന കേസിൽ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡൽഹി കലാപത്തിൽ അയാൾക്ക് പങ്കുണ്ടെന്ന സംശയമുണ്ട്.
ഫെബ്രു. 2 ന്ബഡ്ജറ്റ്
അവതരിപ്പിച്ചേക്കും
തിരുവനന്തപുരം;സംസ്ഥാന ബഡ്ജറ്റ് ഫെബ്രുവരി 2 ന് അവതരിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു.
പത്താം തീയതി നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിയമസഭ ചേരുന്നതിൽ അന്തിമ തീരുമാനമുണ്ടാകും. 26 ന് നിയമസഭ വിളിച്ചുകൂട്ടുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നറിയുന്നു. ഗവർണർ നോട്ടീസ് പുറപ്പെടുവിച്ച് 15 ദിവസം കഴിഞ്ഞാൽ മാത്രമേ നിയമസഭ ചേരാനാകൂ. ഗവർണറുടെ നോട്ടീസിന് കാലതാമസമുണ്ടായാൽ നിയമസഭ ചേരുന്നതും വൈകും. അങ്ങനെയായാൽ ബഡ്ജറ്റ് അവതരണവും നീണ്ടേക്കും.
പുതിയആർച്ച് ബിഷപ്പ്:
സിനഡ് യോഗം ഇന്നുമുതൽ
കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പിനെ ഇന്നു മുതൽ 13വരെ കാക്കനാട് മൗണ്ട് തോമസിൽ നടക്കുന്ന സിനഡ് യോഗത്തിൽ തിരഞ്ഞെടുക്കും. പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനു ശേഷം നടക്കുന്ന സിനഡ് സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു.
ഒറ്റപ്പെട്ട മഴ തുടരും
തിരുവനന്തപുരം:അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് ഒറ്രപ്പെട്ട മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് കൂടുതൽ സാദ്ധ്യത.മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ ഉച്ചയ്ക്ക്ശേഷം മഴ പെയ്തിരുന്നു.
പകൽ സംസ്ഥാനത്ത് പൊതുവേ താപനില ഉയരുന്നുണ്ട്.സാധാരണ താപനിലയേക്കാൾ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസാണ് ഉയരുന്നത്.