
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്നേദിവസം കേരളത്തിൽ എന്ത് ആഘോഷമാണ് നടത്താൻ പോകുന്നതെന്ന് നേതാക്കൾ വിശദീകരിക്കണം.
വിഷയത്തിൽ മുസ്ലിം ലീഗിനെയാണോ പി.എഫ്.ഐയെയാണോ സമസ്തയെയാണോ കോൺഗ്രസ് പേടിക്കുന്നത്. രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ബി.ജെ.പി വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കും. എല്ലാ ക്ഷേത്ര പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിളക്ക് തെളിക്കും.
പോപ്പുലർ ഫ്രണ്ടിന്റെ അടുത്തയാളാണ് ടി.എൻ. പ്രതാപൻ. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനാണ്. ജാമിയ മിലിയ ഗൂഢാലോചന കേസിൽ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡൽഹി കലാപത്തിൽ അയാൾക്ക് പങ്കുണ്ടെന്ന സംശയമുണ്ട്.