t
ശ്രുതി സഹോദരി വാണിക്കൊപ്പം

കൊല്ലം: ഭിന്നശേഷി മാനസികാവസ്ഥയായ ഡൗൺ സിൻഡ്രോമിനെ നൃത്തച്ചുവടുകളിലൂടെ പമ്പ കടത്തുകയാണ് അമ്മുക്കിളി എന്ന് വിളിപ്പേരുള്ള ശ്രുതി സുരേഷ്. ഇന്നലെ സഹോദരി വാണിയുടെ വഞ്ചിപ്പാട്ട് കേൾക്കാൻ ഗവ. എച്ച്.എസിൽ

എത്തിയ ശ്രുതി (19) ചെറു ചുവടുകൾ വച്ച് കാണികളെ കയ്യിലെടുത്തു. ആലപ്പുഴ ചെന്നിത്തല മഹാത്മാ ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ വാണിയും സംഘവും കുചേല വൃത്തം വഞ്ചിപ്പാട്ട് പാടിയപ്പോൾ ശ്രുതിയുടെ മുഖത്തും ഭാവങ്ങൾ മിന്നിമറഞ്ഞു. ശ്രുതിയുടെ അച്ഛൻ സുരേഷിന്റെ സഹോദരി മഞ്ജുവിന്റെ മകളാണ് വാണി.

മകളുടെ രോഗാവസ്ഥ അമ്മ സന്ധ്യയെ ആദ്യം ഒരുപാട് വിഷമിപ്പിച്ചു. ഡൗൺ സിൻഡ്രോമിന് വലിയ ചികിത്സകൾ ഇല്ലാത്തതിനാൽ വിധിയോട് പൊരുത്തപ്പെട്ടു. എന്നാൽ വീട്ടുകാരെ പോലും അദ്ഭുതപ്പെടുത്തി ശ്രുതി നൃത്തത്തിൽ താത്പര്യം കാട്ടിത്തുടങ്ങി. മൂന്നര വയസായപ്പോൾ, മണിചിത്രത്താഴ് സിനിമയിലെ നാഗവല്ലിയുടെ നൃത്തച്ചുവടുകൾ അതേപോലെ അഭിനയിച്ചുകാട്ടി. ഇതോടെ മാതാപിതാക്കൾ നീണ്ടകര സ്വദേശിയായ ഗുരുവിനു മുന്നിൽ നൃത്തം പഠിക്കാനെത്തിച്ചു. അഞ്ചാം വയസിലെ ആദ്യ വേദിയിൽ ശ്രുതിക്ക് ഒരു ചുവട് പോലും പിഴച്ചില്ല. മൂന്ന് വർഷം മുമ്പ് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുത്തു. ചുറ്റും നടക്കുന്നതെല്ലാം മനസിലാവൂമെങ്കിലും വാക്കുകൾ വ്യക്തമായി പറയാൻ സാധിക്കില്ല. എന്നാൽ നൃത്തം ജീവിതത്തിലേക്ക് വന്ന ശേഷം സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തി നേടിയതായി അമ്മ സന്ധ്യ പറയുന്നു. കൊല്ലം മുളങ്കാടകമാണ് സ്വദേശം. കൊല്ലത്തെ സ്പെഷ്യൽ സ്കൂളിലാണ് പഠനം. ചിത്രരചനയും കീബോർഡും വശമുണ്ട്. സഹോദരി രേവതി സുരേഷ്.

നർത്തകിയാകണം

മകൾ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണെന്ന് സന്ധ്യ പറയുന്നു. നർത്തകിയാക്കാനാണ് മോഹം. പെയിന്റിംഗ് തൊഴിലാളിയായ സുരേഷിന്റെ തുച്ഛവരുമാനമാണ് ഏക ആശ്രയം.

ഡൗൺ സിൻഡ്രോം

ജനിതക രോഗാവസ്ഥയാണിത്. പ്രത്യേക ചികിത്സ ഇല്ല. ഇന്ത്യയിൽ ജനിക്കുന്ന 830 കുട്ടികളിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ട്.