
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകളെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. പാർട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട പാർട്ടി സെക്രട്ടറി തന്നെയാണ് ഇപ്പോൾ പിണറായിയെ സ്തുതിക്കാൻ മുന്നിൽനില്ക്കുന്നത്. മന്ത്രിമാരാവട്ടെ മത്സരിച്ചാണ് പുകഴ്ത്തുന്നത്. അപചയത്തിന്റെ അഗാധതയിലേക്ക് പതിച്ചിട്ടും തിരുത്തൽശക്തിയില്ലാത്ത ദയനീയാവസ്ഥയിലാണ് സി.പി.എം.
ഭരണാധികാരിയുടെ പൗരുഷത്തെ ഉയർത്തിപ്പിടിച്ചു നടത്തുന്ന പ്രകീർത്തനം ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണെന്നാണ് പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റും ചിന്തകനുമായ ഉംബർട്ടോ എക്കോ ചൂണ്ടിക്കാട്ടിയത്. പിണറായി വിജയൻ സൂര്യനാണെന്നും അടുത്തു ചെന്നാൽ കരിഞ്ഞുപോകും എന്നുമാണ് പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്. പിണറായിയെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് തല്ലിച്ചതച്ചെങ്കിലും കരിച്ചുകളയാതിരുന്നതു ഭാഗ്യം.
കണ്ണൂരിൽ പി.ജയരാജൻ, പി.ജെ ആർമി ഉണ്ടാക്കി വ്യക്ത്യാരാധന നടത്തുന്നു എന്നുപറഞ്ഞ് കണ്ണുരുട്ടിയ സി.പി.എം നേതൃത്വം ഇപ്പോൾ പിണറായിയുടെ മുന്നിൽ പഞ്ചപുച്ഛമടക്കി വാലുംചുരുട്ടിയിരിക്കുകയാണെന്നും സുധാകരൻ പരിഹസിച്ചു.
കെ.സുധാകരൻ ഒരാഴ്ച കൂടി അമേരിക്കയിൽ
തിരുവനന്തപുരം : അമേരിക്കയിലെ മയോ ക്ലീനിക്കിൽ വിദഗ്ദ്ധ പരിശോധയ്ക്ക് പോയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഒരാഴ്ച കൂടി അവിടെ തുടരും. വിവിധ പരിശോധനകളുടെ ഫലം ഇനിയും വരാനുണ്ട്. അത് ലഭിച്ചാൽ മാത്രമേ ചികിത്സയുടെ കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരൂ.
എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്ന രോഗത്തിന്റെ ഭാഗമായാണ് സുധാകരൻ ഈ മാസം ഒന്നിന് അമേരിക്കയിലേക്ക് പോയത് ആദ്യ ഘട്ടത്തിൽ നടത്തിയ പരിശോധനകളിൽ പ്രത്യേക ചികിത്സ നിർദ്ദേശിച്ചിട്ടില്ല. അതേസമയം അമേരിക്കയിലെ വിവിധയിടങ്ങളിലെ മലയാളി സംഘനകളുടെ സ്വീകരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കും. ഭാര്യ സ്മിതയും പി.എ ജോർജും സുധാകരനൊപ്പമുണ്ട്.