കാട്ടാക്കട: കാട്ടാക്കടയിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൂവച്ചൽ കുറകോണം ലിജി ഭവനിൽ വിജയകുമാർ - സുജ ദമ്പതികളുടെ മകളായ വി.എസ്. വിദ്യയെയാണ് (10) കറുത്ത പാന്റ്സും കാക്കി ഷർട്ടും ധരിച്ചെത്തിയയാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

ഇന്നലെ പുലർച്ചെ 3ഓടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയകുമാരിക്കൊപ്പം (62) മുറിയിൽ വിദ്യയും അനുജൻ വൈഷ്ണവും ഉറങ്ങുകയായിരുന്നു. പുലർച്ചെ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമം നടത്തിയപ്പോൾ പെൺകുട്ടി നിലവിളിച്ചതോടെയാണ് സംഭവം അറിയുന്നത്.
അമ്മൂമ്മ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല.രക്ഷിതാക്കൾ കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചു. കാട്ടാക്കട എസ്.എച്ച്.ഒ ഷിബുകുമാറും പൊലീസ് സംഘവും സ്ഥലത്തെത്തി പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.