തിരുവനന്തപുരം : തദ്ദേശവകുപ്പിന്റെ കെ.സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെ കെട്ടിട നിർമ്മാണ അപേക്ഷകളിൽ ഈ ആഴ്ച മുതൽ 30സെക്കൻഡിൽ പെർമിറ്റ് ലഭ്യമാകുമെങ്കിലും അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥ. അംഗീകൃത ലൈസൻസികളായ ബിൽഡിംഗ് ഡിസൈനർമാർ മുഖാന്തരമേ അപേക്ഷിക്കാനാവൂ. അവർക്ക് ലൈസൻസ് പുതുക്കി നൽകാത്തതാണ് പ്രതിസന്ധിയായത്.
27,000അപേക്ഷകൾ ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതായി കേരളകൗമുദി സെപ്തംബർ15ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ആറുമാസത്തേക്ക് കാലാവധി നീട്ടിക്കൊടുത്തിരുന്നു.അതിന്റെ കാലാവധിയും കഴിഞ്ഞു.
3000 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്കാണ് ഉടമയും അംഗീകൃത ലൈസൻസിയും നൽകുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ 30സെക്കൻഡിനുള്ളിൽ പെർമിറ്റ് നൽകുന്നത്. ഇതിന് ലൈസൻസികൾ തദ്ദേശവകുപ്പിൽ എംപാനൽ ചെയ്യണം. ലൈസൻസുള്ളവർക്കേ ഫീസടച്ച് എംപാനൽ ചെയ്യാനാകൂ. ലൈസൻസ് പുതുക്കി നൽകാത്തതിനാൽ എംപാനൽ ചെയ്യാനോ കെ സ്മാർട്ടിലൂടെ അപേക്ഷ നൽകാനോ ലൈസൻസികൾക്ക് കഴിയില്ല. കെട്ടിട ഉടമകൾക്ക് മാത്രമായി അപേക്ഷ നൽകാനും കഴിയില്ല. ഫലത്തിൽ കെ സ്മാർട്ട് വന്നാലും ജനങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി.
കൊല്ലം,കൊച്ചി,കോഴിക്കോട് റീജിയണൽ ജോയിന്റ് ഡയറക്ടർമാരുടെ ഓഫീസുകളിൽ നിന്നാണ് ലൈസൻസുകൾ നൽകിയിരുന്നത്. ഏകീകൃത തദ്ദേശവകുപ്പ് നിലവിൽ വന്നതോടെ അതത് ജില്ലയിലെ ജോയിന്റ് ഡയറക്ടർക്കായി ചുമതല. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ജില്ലാ ഓഫീസുകളിലില്ലാത്തതാണ് പ്രതിസന്ധിയായത്.
ലൈസൻസ് കാലാവധി
നാലുവർഷം മാത്രം
നാലുവർഷം കൂടുമ്പോൾ ലൈസൻസ് പുതുക്കണം.
കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ലൈസൻസുകൾ പുതുക്കി നൽകുകയാണ് അടിയന്തര പോംവഴി.
ലൈസൻസ് കാലാവധി കഴിഞ്ഞവരെ എംപാനൽ ചെയ്യാൻ അനുമതി നൽകി പ്രത്യേക ഉത്തരവ് ഇറക്കിയും പ്രശ്നം പരിഹരിക്കാം.
48 ലക്ഷം കെട്ടിടങ്ങൾ
55 കോടി രേഖകൾ
കെ സ്മാർട്ടിലൂടെ കെട്ടിടത്തിന്റെ എല്ലാ വിവരങ്ങളും ഇനി ലഭ്യമാകും.
കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലുമായി 48ലക്ഷം കെട്ടിടങ്ങൾ.
ഈ കെട്ടിടങ്ങളുടെ 55കോടി രേഖകളും കെ സ്മാർട്ടിന്റെ ഭാഗമാക്കും.
ഒരു കെട്ടിടത്തിന്റെ മുൻകാലങ്ങളിലെ 10 ഉടമസ്ഥരുടെ വിവരങ്ങൾ വാടകക്കാരുടേത് അടക്കം സോഫ്റ്റ്‌വെയറിലുണ്ടാകും.
കാലാവധി കഴിഞ്ഞ ലൈസൻസികളുടെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. എംപാനൽ ചെയ്ത ലൈസൻസികളുണ്ടെങ്കിലേ ജനങ്ങൾക്കും ഗുണം ലഭിക്കൂ.
-കവടിയാർ ഹരികുമാർ
പ്രസിഡന്റ്,ഓൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ
സംസ്ഥാനത്തെ കെട്ടിടങ്ങളുടെ സമഗ്രവിവരങ്ങളും കെസ്മാർട്ടിലുണ്ടാകും.പെർമിറ്റുകൾ ഉടൻ ലഭ്യമാകും.
ഡോ.സന്തോഷ് ബാബു
ചീഫ് മിഷൻ ഡയറക്ടർ,ഇൻഫർമേഷൻ കേരള മിഷൻ