land
f

തിരുവനന്തപുരം: വസ്തുതരംമാറ്റത്തിന് ആർ.ഡി.ഒമാർക്ക് പുറമെ 69 ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി അധികാരം നൽകാനുദ്ദേശിച്ചുള്ള നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിലും തരംമാറ്റം വേഗത്തിലാക്കാനുള്ള അദാലത്ത് 15 ന് തുടങ്ങും. ഫെബ്രുവരി 17 ന് അവസാനിപ്പിക്കും. 25 സെന്റുവരെയുള്ള സൗജന്യ തരംമാറ്റ വിഭാഗത്തിലെ 1,18,523 അപേക്ഷകർക്കാവും ഇതിന്റെ പ്രയോജനം കിട്ടുക.

ഏറ്റവും കുറവ് അപേക്ഷകരുള്ള (632) മാനന്തവാടി ആർ.ഡി.ഒയിലാണ് ആദ്യ അദാലത്ത്. കൂടുതൽ അപേക്ഷകരുള്ള ഫോർട്ട്കൊച്ചി (14,754) യിലാണ് അവസാന അദാലത്ത്.

അദാലത്തിന് പ്രത്യേക അപേക്ഷ വേണ്ട. നേരത്തെ നൽകിയ അപേക്ഷയിലെ ഫോൺനമ്പരിൽ അദാലത്തിലേക്കുള്ള ടോക്കൺ നമ്പർ അയയ്ക്കും. അക്ഷയ കേന്ദ്രത്തിലൂടെയാണ് അപേക്ഷിച്ചിട്ടുള്ളതെങ്കിൽ അവിടത്തെ നമ്പരിലേക്കാവും അദാലത്തുമായി ബന്ധപ്പെട്ടുള്ള സന്ദേശമെത്തുക. അദാലത്തിൽ തീർപ്പാവുന്ന അപേക്ഷകൾക്കുള്ള തരംമാറ്റ ഉത്തരവ് അന്നുതന്നെ നൽകും. ആകെ ലഭിച്ച 3,68,711 ഓൺലൈൻ അപേക്ഷകളിൽ 1,12,304 എണ്ണം തീർപ്പാക്കിയിട്ടുണ്ട്. 25 സെന്റിനു മുകളിലുള്ള തരംമാറ്ര അപേക്ഷകളുടെ തീർപ്പാക്കലും അദാലത്തിനു ശേഷം വേഗത്തിലാക്കും.

അദാലത്ത് തീയതികൾ

മാനന്തവാടി (ജനുവരി 15), കോട്ടയം, പാല (18), കാസർകോട്, കാഞ്ഞങ്ങാട്(20), ഒറ്റപ്പാലം, പാലക്കാട് (22),അടൂർ, തിരുവല്ല(23), ഇടുക്കി, ദേവികുളം (25), തലശ്ശേരി, തളിപ്പറമ്പ് (29), കോഴിക്കോട്, വടകര (ഫെബ്രുവരി ഒന്ന്), തിരൂർ, പേരിന്തൽമണ്ണ( 03/02), കൊല്ലം, പുനലൂർ (05/02), തിരുവനന്തപുരം, നെടുമങ്ങാട് (06/02), തൃശൂർ, ഇരിങ്ങാലക്കുട (12/02), ആലപ്പുഴ, ചെങ്ങന്നൂർ (15/02), മൂവാറ്റുപുഴ, ഫോർട്ട്കൊച്ചി (17/02).

3,68,711

ആകെ അപേക്ഷകൾ

1,12,304

തീർപ്പാക്കിയത്

ഭേദഗതി​ ബിൽ?​

2023-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ (ഭേദഗതി)​ ബിൽ 27 ആർ.ഡി.ഒ മാർക്കു പുറമെ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർക്കു കൂടി വസ്തുതരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അധികാരം നൽകാനുള്ളതായിരുന്നു. നിയമസഭ പാസാക്കിയ ഈ ബില്ലിൽ പറയുന്നതുപോലെ അധികാരം കൈമറുന്നത് അഴിമതിക്ക് ഇടയാക്കും എന്നാരോപിച്ച് രാജ്ഭവന് ചില പരാതികൾ കിട്ടിയിരുന്നു. ഒപ്പിടാതിരിക്കാൻ രാജ്ഭവൻ പറഞ്ഞ കാരണം ഇതാണ്.

''ഗവർണർ ബിൽ ഒപ്പിട്ടാൽ കാര്യങ്ങൾ സുഗമമാവും. ഒപ്പിടാത്തതു മൂലമുള്ള പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല.

കെ. രാജൻ

റവന്യു മന്ത്രി

.