
അനിയത്തിയെന്ന ആശ്വാസവും അണഞ്ഞു
തിരുവനന്തപുരം: 'എനിക്ക് താഴെ നാലു അനിയൻമാരുണ്ടായതാണ്. ജനിച്ചപ്പോഴേ അവരെയെല്ലാം മരണം കവർന്നു. അതിനുശേഷമാണ് അവളുണ്ടായത്. അമ്മയ്ക്ക് നോമ്പുനോറ്റു കിട്ടിയ പെൺതരി. ഞാനാണ് അവളെ ഏറ്രവും കൂടുതൽ എടുത്തുകൊണ്ടുനടന്നത്' - പെങ്ങൾ തുളസി ഗോപിനാഥിന്റെ വേർപാടിൽ മുറിവേറ്റ മനസുമായാണ് കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി കേരളകൗമുദിയോട് സംസാരിച്ചത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് പേയാടുള്ള വീട്ടിലേക്ക് വരുമ്പോൾ കവടിയാറിലെ ഫ്ളാറ്റിൽ അവളുണ്ടെന്ന ആശ്വാസമായിരുന്നു കവിക്ക്. 11 വയസിന് ഇളയതായിരുന്നെങ്കിലും ഒരമ്മ മകന് നൽകുന്ന വാത്സല്യം പകർന്നവൾ. അവർ വയ്ക്കുന്ന എല്ലാ കറികൾക്കും അമ്മ വയ്ക്കുന്ന കറികളുടെ രുചിയായിരുന്നു.
'14 വർഷം മുൻപ് വിടപറഞ്ഞ എന്റെ മകനുമായും അവൾക്ക് നല്ല അടുപ്പമായിരുന്നു. മകന്റെ മരണശേഷം എന്നെ തളർത്തിയ വേർപാടാണിത്. മകനായ അഭിമന്യു മരിച്ചതോടെ അർജ്ജുനന്റെ നേട്ടങ്ങൾ അലിഞ്ഞുപോയില്ലേ.. അതുപോലെയാണ് ഞാനും ... നമ്മൾ ജീവിച്ചിരിക്കെ നമ്മളേക്കാൾ ഇളയവർ വിടപറയുന്നതിനോളം വേദന മറ്റെന്തുണ്ട്. കർമ്മങ്ങൾക്കായി അവളെ അവസാനം കൊണ്ടുവന്നത് എന്റെ ഈ വീട്ടിലേക്കാണ്...
എനിക്കു രണ്ടു ചേട്ടൻമാരും അവൾക്കുശേഷം ഒരനിയനുമാണ്. ചേട്ടന്മാരായ പി.വി. തമ്പിയും പി.ജി. തമ്പിയും വിടപറഞ്ഞു. ഇനി ഞാനും അനിയൻ പ്രസന്നവദനൻ തമ്പിയും മാത്രം... "- ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ മുറിഞ്ഞു.
അദ്ദേഹം ഫേസ് ബുക്കിൽ പങ്കുവച്ചതിൽ ചില വരികളിങ്ങനെ:
എന്റെ മകൻ മരിക്കുന്നു, അനുജത്തി മരിക്കുന്നു. പക്ഷേ, ഞാൻ ജീവിച്ചിരിക്കുന്നു. ഈശ്വരൻ എന്ന ശക്തിയുണ്ടെങ്കിൽ ആ ശക്തി എന്നോട് അധർമ്മമാണ് ചെയ്യുന്നത്.
ദേഹികളണിയും ദേഹങ്ങൾ എരിയും
ആ ഭസ്മം ഗംഗയിൽ അലിയും
എന്തെന്തു മോഹചിതാഭസ്മ ധൂളികൾ
ഇന്നോളം ഗംഗയിൽ ഒഴുകി
ആർക്കു സ്വന്തം ആർക്കു സ്വന്തമാ ഗംഗാജലം
അനുജത്തീ, ആശ്വസിക്കൂ...