പാറശാല: നൂറുകണക്കിന് നിക്ഷേപകരുടെ കോടികളുമായി മുങ്ങിയ പളുകൽ നിർമ്മൽ ചിട്ടിഫണ്ട് ഉടമ നിർമ്മലന്റെയും കൂട്ട് പ്രതികളുടെയും കേരളത്തിലെ ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്ത നടപടികൾക്ക് നിയമസാധുത ഇല്ലെന്ന കാരണത്താൽ തന്നെ അസാധുവാകും.

തട്ടിപ്പിനെതിരെ നിക്ഷേപകരുടെ സമരസമിതി സർക്കാരിന് സമർപ്പിച്ച പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ 2023 നവംബർ 25 ന് തന്നെ ധനകാര്യ സെക്രട്ടറിയുടെ ഓർഡറുകളനുസരിച്ച് കേസിൽ ബഡ്‌സ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ബഡ്‌സ് നിയമ പ്രകാരം സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ നിർമ്മലന്റെയും ബിനാമികളുടെയും ഉടമസ്ഥതയിലുള്ള വസ്തു വകകൾ ഏറ്റെടുക്കാൻ കോടതി മുഖേന നടപടികൾ സ്വീകരിച്ചിട്ടുള്ളതിനാൽ അവ കൈമാറ്റം ചെയ്യുന്നത് തടഞ്ഞുകൊണ്ട് കേരളത്തിലെ എല്ലാ ഉന്നത പൊലീസ് ഓഫീസർമാർ, രജിസ്ട്രേഷൻ ഇൻപെക്ടർമാർ, സഹകരണ രജിസ്ട്രാർമാർ, ആർ.ടി.ഒ, റവന്യു വകുപ്പുകളിലെ ഉന്നത അധികാരികൾ എന്നിവർക്ക് അറിയിപ്പ് നൽകിയിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ബഡ്‌സ് നടപടികളെ മറച്ച് വച്ചുകൊണ്ട് നടന്നിട്ടുള്ള വസ്തുക്കളുടെ കൈമാറ്റ നടപടികൾക്കും സാധുത ഉണ്ടായിരിക്കില്ലെന്ന് നിയമജ്ഞർ പറയുന്നു.പാറശാലയിലെ ഒരു കല്യാണ മണ്ഡപം, തിരുവനന്തപുരത്ത് കരമനയിലും ശാസ്തമംഗലത്തുമായുള്ള 121 സെന്റ് വസ്തു,കഴക്കൂട്ടത്തെ എക്സ്പോർട്ട് കമ്പനി എന്നിവ കൈമാറ്റം ചെയ്തവയിൽപ്പെടുന്നു.