കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ പ്രതിയുടെ കുത്തേറ്റ് ഡോ.വന്ദനാദാസ് കൊല്ലപ്പെട്ട ദിവസം മാളവിക വല്ലാതെ പേടിച്ചു, ഉറങ്ങാനുമായില്ല. അടുത്ത ദിവസം അച്ഛൻ സജിയോട് പറഞ്ഞു 'എനിക്ക് കരാട്ടെ പഠിക്കണം'. അമ്മ രാഖിക്ക് സംശയം 'എന്താ പെട്ടെന്നൊരു ആവേശം?' 'ഡോ.വന്ദനയുടെ അനുഭവം കണ്ടില്ലേ? ആക്രമിക്കാൻ വരുന്നവനെ ഇടിച്ചിടണമെങ്കിൽ കരാട്ടെ പഠിക്കണം". അങ്ങനെ മാളവിക കരാട്ടെ പരിശീലനം തുടങ്ങി.
അഭിനയവും ഡാൻസുമൊക്കെ വശമുള്ള ഡോ.വന്ദനയെ കുറിച്ചുള്ള വാർത്തകളെല്ലാം വായിച്ചു. വാർത്തകൾ യൂ ട്യൂബിലൂടെ ആവർത്തിച്ചു കണ്ടു. ചടയമംഗലം ഗവ. മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാളവിക മറ്റൊരു തീരുമാനവുമെടുത്തു. സ്കൂൾ കലോത്സവത്തിന് മോണോആക്ടായി ഡോ.വന്ദനയെ അവതരിപ്പിക്കണം. അതിനായി പരിശീലനം. കലാരംഗത്തുള്ള അഭിലാഷിന്റെ സഹായവും ലഭിച്ചു.
മികച്ച ഡോക്ടറാകണമെന്ന വന്ദനയുടെ ആഗ്രഹം ഒരു നരാധമന്റെ ക്രൂരതയിൽ അവസാനിച്ചത് മാളവിക അവതരിപ്പിച്ചപ്പോൾ അത് നോവായി സദസിലേക്കും പടർന്നു. ലഹരി ഉപയോഗം ഒരു തലമുറയെ എങ്ങനെ നശിപ്പിക്കുന്നു എന്നുകൂടി വരച്ചുകാട്ടി. എ ഗ്രേഡ് ലഭിച്ചു. കല കൈവിടാതെ മുന്നോട്ടു പോകണം, ഡോക്ടറാകണം. മാളവിയുടെ സ്വപ്നമിതാണ്.
ചടയമംഗലം സബ്‌ജില്ലാ കലോത്സവത്തിൽ മികച്ച നടിയായിരുന്നു. എം.ബി.ബി.എസുകാരിയായ അഭിനേത്രി ഐശ്വര്യ ലക്ഷ്മിയാണ് ഇഷ്ടതാരം. അച്ഛൻ സജി ലോക്കോ പൈലറ്റാണ്. അമ്മ രാഖി അദ്ധ്യാപികയും. സഹോദരൻ ഋഷികേശ് എൻജിനിയറിംഗ് വിദ്യാർത്ഥി.
''ഇക്കാലത്ത് പെൺകുട്ടികൾ ആയോധനകല അഭ്യസിക്കേണ്ടത് ആവശ്യമാണ്. സ്കൂളുകളിൽ തന്നെ അതിന് അവസരമുണ്ടായാൽ നന്നായിരുന്നു.
-മാളവിക