deshasevini-grandhasala

വർക്കല: ഗ്രാമങ്ങളിൽ അന്യാധീനപ്പെട്ടുപോവുന്ന ഗ്രന്ഥശാലകളിലൊന്നാണ് ഇടവ ഗ്രാമപഞ്ചായത്തിലെ പാറയിൽ ദേശസേവിനി ഗ്രന്ഥശാല. എം.എൻ.നായർ സ്മാരക എൻ.എസ്.എസ് കരയോഗം കെട്ടിടത്തിൽ ചേർന്നുള്ള ഒരു മുറിയിലാണ് ദേശസേവിനി ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. ഒരുകാലത്ത് ഗ്രാമത്തിന്റെ ജീവനാഡിയായിരുന്ന ഈ ഗ്രന്ഥശാലയിൽ നിന്നും തലമുറകളിന്ന് അകന്ന് തുടങ്ങി. സാഹിത്യം, ചരിത്രം, ശാസ്ത്രം, ഗവേഷണം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആറായിരത്തിലധികം പുസ്തകശേഖരം ഇവിടെ ഉണ്ടായിരുന്നു. വായനക്കാരില്ലാതെ പുസ്തകങ്ങൾ അലമാരകളിൽ ഉറങ്ങി. ഗ്രന്ഥശാല ഭരണസമിതി പതിയെ ചുമതലകളിൽ നിന്നും പിൻവാങ്ങി. ലൈബ്രറി കൗൺസിലിന്റെ ഗ്രാൻഡോട് കൂടി ബി ഗ്രേഡിൽ പ്രവർത്തിച്ചിരുന്നതായിരുന്നു ഈ ഗ്രന്ഥശാല. ലൈബ്രേറിയനായി ഭരണസമിതി ചുമതലപ്പെടുത്തിയ വ്യക്തിയും വരുമാനം നിലച്ചതോടെ മറ്റ് തൊഴിൽ തേടി പോയി. നിലവിൽ ഗ്രന്ഥശാലയ്ക്ക് ഭരണസമിതിയോ ലൈബ്രേറിയനോ ഇല്ലാത്ത അവസ്ഥയാണ്. 6 വർഷം മുൻപ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരവും നഷ്ടപ്പെട്ടു. നാടിന്റെ അഭിമാനമായിരുന്ന ഈ ഗ്രന്ഥശാലയുടെ വാതിൽ സാമൂഹ്യവിരുദ്ധരാലിന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ്. ഗ്രന്ഥശാലകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ കേരള ലൈബ്രറി കൗൺസിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഇത്തരത്തിൽ വിവിധയിടങ്ങളിൽ ഗ്രന്ഥശാലകൾ ഭീഷണി നേരിടുമ്പോൾ തകർച്ചയിലേക്ക് നയിച്ച കാര്യകാരണങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നില്ല.

 നശിപ്പിച്ചു കളയരുത്


തകര ഷട്ടറുകൾ തല്ലിപ്പൊളിച്ചതുമൂലം സദാസമയവും ഗ്രന്ഥശാല തുറന്ന് കിടക്കുന്നു. പുസ്തകങ്ങൾ ദിനവും കുറേശയായി കൊള്ളയടിക്കപ്പെടുകയാണ്. അലമാരകളുടെ ഗ്ലാസുകൾ തകർത്തും പൂട്ട് തല്ലിപ്പൊളിച്ചും പുസ്തക കവർച്ച നടത്തുന്നത് സാമൂഹ്യവിരുദ്ധരാകാം എന്നല്ലാതെ മറ്റൊരു മറുപടിയും നാട്ടുകാർക്കില്ല. ഫുട്‌ബാൾ, ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയം വീക്ഷിക്കാൻ യുവാക്കളുടെ ഒരു സംഘം ഇവിടെയുണ്ടാകുമെന്നല്ലാതെ മറ്റൊന്നും ഇവർക്കറിയില്ല. രാത്രിയുടെ മറവിൽ ഗ്രന്ഥശാല മദ്യശ്യാലയായി മാറുന്ന അവസ്ഥയുമുണ്ട്. സാമൂഹ്യ വിരുദ്ധരാൽ നശിക്കുന്ന ദേശസേവിനി ഗ്രന്ഥശാലയെ പുനരുജ്ജീവിപ്പിക്കേണ്ടത് നാടിന്റെയും നാട്ടുകാരുടെയും ആവശ്യമാണ്.