തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ആധുനിക സിഗ്നൽ സംവിധാനം വരുമെന്ന് പറഞ്ഞ് വർഷമൊന്ന് കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല.സിഗ്നൽ നിർമ്മിക്കാൻ ഇതിനിടെ രണ്ട് വട്ടം റോഡ് വെട്ടിപ്പൊളിച്ച് കുഴിച്ചതല്ലാതെ നിർമ്മാണമൊന്നും നടന്നില്ല.ഈ സംവിധാനം വരുമെന്ന് പറഞ്ഞതിനാൽ നിലവിൽ പഴയ സിഗ്നലും അറ്റകുറ്റപ്പണി ചെയ്യുന്നില്ല.അഡാപ്റ്റീവ് ട്രാഫിക്ക് കൺട്രോൾ സിസ്റ്റം എന്ന ആധുനിക രീതിയാണ് 2023 ജൂണിൽ നഗരത്തിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ജൂൺ കഴിഞ്ഞ് 2024 ജനുവരിയെത്തിയിട്ടും പകുതി മാത്രം കത്തുന്ന പഴയ സിഗ്നൽ ലൈറ്റുകളുമായിട്ടാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്.
കരാറുകാരുടെ അനാസ്ഥ
കഴിഞ്ഞ കുറെ മാസങ്ങളായി പാറ്റൂർ,നാലുമുക്ക്,വഞ്ചിയൂർ,പാളയം,പേട്ട,സ്റ്റാച്യൂ,തമ്പാനൂർ,യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷൻ,മെഡിക്കൽ കോളേജ് ജംഗ്ഷൻ,കേശവദാസപുരം,ഉള്ളൂർ,പട്ടം,കിഴക്കേകോട്ട,അട്ടക്കുളങ്ങര തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് ലൈറ്റുകൾ പകുതി മാത്രമെ കത്താറുള്ളൂ. അതിനാൽ തിരക്ക് കൂടിയ സമയങ്ങളിൽ ജനങ്ങൾ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നത്.
ട്രാഫിക്ക് സിഗ്നലുകളിൽ അറ്രക്കുറ്രപ്പണി നടത്തേണ്ടതിലെ ഏകോപനമില്ലായ്മയാണ് തകരാറിന് കാരണമെന്നാണ് ആക്ഷേപം.ലൈറ്റുകൾ സ്ഥാപിക്കുന്നതും നവീകരിക്കുന്നതും കെൽട്രോണായിരുന്നു. എന്നാൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ സിഗ്നൽ ലൈറ്റ് നവീകരിക്കുന്ന ടെൻഡർ ലഭിച്ചത് ചെന്നൈയിലെ എം.എസ്.പി എന്ന കമ്പനിക്കാണ്. എന്നാൽ കരാർ എറ്റെടുത്തിട്ടും ഇവർ അറ്റകുറ്റപണി ആരംഭിച്ചിട്ടില്ല. കരാർ ലഭിക്കാത്തതിനാൽ കെൽട്രോണും ഇപ്പോൾ അറ്റകുറ്റപ്പണി ചെയ്യുന്നതിൽ ഉദാസീനത കാണിക്കുന്നുണ്ട്.
പദ്ധതി ചെലവ് 90 കോടി രൂപ
സ്മാർട്ട് സിറ്റി പദ്ധതി
കരാറില്ല പലതിനും
തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, സിറ്റി കോർപ്പറേഷൻ തുടങ്ങി വിവിധ ഏജൻസികൾ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളും എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചവയുമാണ് നഗരത്തിലുള്ളത്. തിരുവനന്തപുരം റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഒഴികെയുള്ളവയ്ക്ക് വാർഷിക അറ്റകുറ്റപ്പണി കരാറില്ല.ഇതുകൂടാതെ നഗരസഭയിലെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കേന്ദ്രത്തിന്റെ നിർമ്മാണം വൈകുന്നതും ഇത് പ്രാവർത്തികമാക്കാൻ വൈകും.
പദ്ധതി വന്നാൽ ആശ്വാസം
നഗരത്തിലെ 114 ജംഗ്ഷനുകളിലാണ് സിസ്റ്റം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ആദ്യഘട്ടത്തിൽ 30 ജംഗ്ഷനുകളിലാണ് സ്ഥാപിക്കുന്നത്.കൂടുതൽ സമയം ട്രാഫിക്ക് സിഗ്നലുകളിൽ കുരുങ്ങി കിടക്കാതെ ഓട്ടോമേറ്റിക്ക് സംവിധാനം വഴി സിസ്റ്റം നിയന്ത്രിക്കുന്നതാണ് അഡാപ്റ്റീവ് ട്രാഫിക്ക് സിസ്റ്റം.നിലവിലുള്ള ട്രാഫിക്ക് സിഗ്നലിൽ നിന്ന് വ്യത്യസ്തമായ സെൻസർ കാമറകൾ ഉപയോഗിച്ചുള്ള സംവിധാനമാണ് സ്ഥാപിക്കുന്നത്.സിഗ്നൽ ലൈറ്റുകളോടൊപ്പം സ്ഥാപിക്കുന്ന കാമറയും സെൻസറും ഉപയോഗിച്ച് ഏത് റോഡിലാണ് വാഹനങ്ങളുടെ തിരക്കെന്ന് കണ്ടെത്തി അതനുസരിച്ച് ആ റോഡിലെ വാഹനങ്ങൾക്ക് പോകാൻ സിഗ്നൽ ഓണാകുന്ന സംവിധാനമാണിത്.